ബന്ധുക്കളുടെ പിന്തുണ, സ്വീകരിച്ചാനയിക്കാന്‍ സുരേഷ് ഗോപിയും: അമിത് ഷാ വരുന്നത് വരെ കാത്തിരിപ്പ്; ഖമറുന്നിസ അന്‍വറിന്റെ ബിജെപി ബാന്ധവം ഇതുവരെ

ഖമറുന്നിസ അന്‍വറിന്റെ ബിജെപി ലയനം രാഷ്ട്രീയ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ലീഗ് വനിതാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഖമറുന്നിസയുടെ പുതിയ തീരുമാനത്തിനൊപ്പം ബന്ധുക്കളും നിലയുറപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ മികച്ച പദവി നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം കൂടി കണക്കിലെടുക്കുമ്പോള്‍ തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന. രാജ്യസഭാ എംപിമാരായ നടന്‍ സുരേഷ്‌ഗോപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറുമാണ് ഖമറുന്നീസയെ ബിജെപിയിലെത്തിക്കുന്നതിനുള്ള കരുക്കള്‍ നീക്കുന്നത്.

അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുന്നുണ്ട്. മരാര്‍ജി ഭവന് തറക്കല്ലിടാനാണ് ഇത്. ഇതിനു മുമ്പായി ഖമറുന്നീസയെ പാര്‍ട്ടിയില്‍ എത്തിക്കാനാണു ബിജെപിയുടെ നീക്കം. നേരത്തേ, സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിന്റെ പ്രഖ്യാപനവും അമിത്ഷായുടെ വരവോടെയുണ്ടാകുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുന്നവരുടെ ലിസ്റ്റ് തന്നെ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.

ഖമറുന്നിസയെ പോലുള്ള വനിതാ നേതാവിനെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് മലപ്പുറത്തും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ പറ്റുമെന്നാണ് കണക്കുകൂട്ടല്‍. ഖമറുന്നിസയെ പാര്‍ട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇക്കാര്യത്തിനായി ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ഖമറുന്നിസയെ കൊണ്ടുവരുന്നതിനായി പ്രത്യേകം താല്‍പര്യമെടുക്കുന്നുണ്ട്. സുരേഷ്‌ഗോപിയെ പോലുള്ള ബിജെപിയിലെ പൊതു മുഖങ്ങള്‍ ഖമറുന്നിസയുമായി ഈ മാസം തന്നെ സംസാരിക്കുമെന്നാണ് അറിയുന്നത്.

ബിജെപിയുടെ ജില്ലാ മണ്ഡലം ഘടകങ്ങള്‍ ഇതിനോടകം ഖമറുന്നിസയുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉന്നത സ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം. മക്കളില്‍ നിന്നും ചില ബന്ധുക്കളില്‍ നിന്നുമെല്ലാം അനുകൂല സമീപനമാണെന്നതിനാല്‍ ക്ഷണങ്ങളൊന്നും ഖമറുന്നിസ ഇതുവരെ നിരസിച്ചിട്ടില്ല. വിവാദങ്ങളെല്ലാം കെട്ടടങ്ങട്ടേയെന്നായിരുന്നത്രെ ഖമറുന്നിസയുടെ മറുപടി.

ലീഗിനുള്ളിലെ പടലപ്പിണക്കമാണ് തന്റെ സ്ഥാനചലനത്തിന് ഇടയാക്കിയതെന്നും ഫണ്ട് ശേഖരിക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ കുറ്റം പറയാന്‍ പറ്റില്ലെന്നുമായിരുന്നു, സ്ഥാനചലനത്തിനു ശേഷം ബന്ധപ്പെട്ടപ്പോള്‍ ബിജെപി മണ്ഡലം ഘടകത്തോട് ഖമറുന്നിസ പറഞ്ഞത്. ഗൂഢാലോചനയുടെ ഭാഗമായിരുന്നു മാപ്പ് നല്‍കിയ ശേഷം ഖമറുന്നിസക്കെതിരെ നടപടിയെടുക്കാന്‍ പെട്ടെന്ന് കളമൊരുങ്ങിയത്. ഇതില്‍ കടുത്ത അമര്‍ഷം ഖമറുന്നിസക്കുണ്ട്. മുമ്പും ബിജെപി നേതാക്കളുമായി വേദി പങ്കിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഖമറുന്നിസക്കെതിരെയുള്ള നടപടി കടുത്തതായിപ്പോയെന്നുമുള്ള അഭിപ്രായം ലീഗ് അണികളിലുമുണ്ട്. ഇടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള മുതിര്‍ന്ന ലീഗ് നേതാക്കള്‍ ഖമറുന്നിസയെ തല്‍ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന അഭിപ്രായമുള്ളവരാണ്. പാര്‍ട്ടി തലത്തില്‍ ഖമറുന്നിസക്കെതിരെ ശക്തമായ ഗൂഢാലോചന നടന്ന സാഹചര്യത്തില്‍ ബിജെപിയുടെ ക്ഷണങ്ങളൊന്നും തള്ളിക്കളയാതെ തുടരുന്ന നിലപാടാണ് ഇപ്പോള്‍ ഖമറുന്നിസ സ്വീകരിക്കുന്നത്.

വിഷയം ധരിപ്പിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ച ബിജെപി നേതാക്കളോടെല്ലാം വിവാദങ്ങളെല്ലാം കെട്ടടങ്ങട്ടേയെന്നായിരുന്നു ഖമറുന്നിസയുടെ മറുപടി. കൂടുതല്‍ ആകര്‍ഷകമായ സ്ഥാനം കേന്ദ്രത്തില്‍ നല്‍കി ഏതുവിധേനയും ഖമറുന്നിസയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം. സുരേഷ്‌ഗോപി, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതിനായി ചരടുവലി നടത്തുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കേന്ദ്രനേതൃത്വം രണ്ട് എംപിമാരെയും കളത്തിലിറക്കി കളിക്കുന്നത്. കേരളത്തില്‍ ഇത് എത്രമാത്രം വിജയകരമാകുമെന്നത് കണ്ടറിയണം. കോണ്‍ഗ്രസ് നേതാവായിരുന്ന നജ്മ ഹെപ്തുള്ളയെ ബിജെപിയില്‍ എത്തിച്ചതിന് സമാനമായി ഖമറുന്നീസയെയും പാര്ട്ടി പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ വലിയ നേട്ടമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഖമറുന്നീസയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഖമറുന്നിസയെ മത്സരിപ്പിക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ പ്രായം എഴുപത് പിന്നിട്ട ഖമറുന്നിസ ഇനി മത്സരിക്കാന്‍ സാധ്യതയില്ല. അതേസമയം കേന്ദ്രത്തില്‍ മികച്ച പദവി ലഭിച്ചാല്‍ സ്വീകരിക്കുകയും ചെയ്യും.

Top