അധികാരം പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണം; നേതാക്കളെ ദൈവങ്ങളാക്കി പോസ്റ്ററാക്കിയതിനെ കൊണ്ട് കാര്യമില്ല

bjp

ലക്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളും കാണിക്കാറുണ്ട്. ഫ്‌ളക്‌സ് അടിച്ച് നാടെങ്ങും കെട്ടിത്തൂക്കലാണ് പ്രധാന ജോലി. നേതാക്കന്‍മാരെ ദൈവങ്ങളായി ചിത്രീകരിക്കലാണ് മറ്റൊരു കലാവിരുത്. ഇതൊക്കെ കണ്ടാല്‍ ജനങ്ങള്‍ മൂക്കത്ത് വിരല്‍വെക്കുമെന്നാല്ലാതെ എന്തുണ്ടാകാന്‍.

നേതാക്കന്‍മാരെ പരിഹാസ കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന പരിപാടി നിര്‍ത്താന്‍ ബിജെപി നേതാക്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. അനാവശ്യ വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉത്തര്‍പ്രദേശ് ബിജെപി ഘടകത്തിന്റെ മുന്‍കരുതല്‍. നേതാക്കന്മാരെ ദൈവമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ഇനി ഉപയോഗിക്കരുതെന്നാണ് അണികള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

കേശവ് പ്രസാദ് മൗര്യയെ കൃഷ്ണനായും സമാജ്വാദി പാര്‍ട്ടി നേതാക്കന്‍മാരെയും രാഹുല്‍ ഗാന്ധിയെയും കൗരവന്‍മാരുമായി ചിത്രീകരിച്ച് പുറത്തിറക്കിയ പോസ്റ്ററുകള്‍ ഉത്തര്‍പ്രദേശില്‍ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വോട്ട് നഷ്ടപ്പെടുത്തരുതെന്നാണ് ബിജെപി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന താക്കീത്.

അണികള്‍ ആരും എന്നെയോ പാര്‍ട്ടി നേതാക്കന്‍മാരെയോ ദൈവമായി ചിത്രീകരിച്ച് പോസ്റ്റര്‍ ഇറക്കരുതെന്നും താന്‍ ദൈവമല്ലെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും മൗര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തകര്‍ അതിന് കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top