124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

കോണ്‍ഗ്രസ് തരംഗം ഉണ്ടായ കേരളത്തിലെ ഒട്ടുമുക്കാല്‍ നിയമസഭകളിലും യുഡിഫ് മുന്നിലെത്തി. 140 അസംബ്ലി മണ്ഡലങ്ങളില്‍ 124ലും യുഡിഎഫ് മേല്‍ക്കൈ നേടി. ഇടത് മുന്നണിയ്ക്ക് ആകെ പതിനഞ്ച് മണ്ഡലങ്ങളിലാണ് മുന്നിലെത്താനായത്. ബിജെപിയ്ക്ക് ആകെ ഒരു മണ്ഡലത്തില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളൂ. സിറ്റിംഗ് എംഎല്‍എ ഉള്ള നേമം മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസമായുള്ളത്.

നിലവിലെ മന്ത്രിമാരുടെ മണ്ഡലങ്ങളിലും ഇടതിന് കനത്ത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്, പി. തിലോത്തമന്റെ ചേര്‍ത്തല എന്നിവിടങ്ങളില്‍ മാത്രമേ എല്‍.ഡി.എഫ് ഒന്നാമതെത്തിയുള്ളൂ.

മറ്റ് മുഴുവന്‍ മന്ത്രിമാരുടെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെയും തട്ടകങ്ങളില്‍ ഇടതുമുന്നണി പിന്നാക്കംപോയി. അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് യു.ഡി.എഫിന് മുന്‍തൂക്കം കിട്ടിയെങ്കിലും യു.ഡി.എഫ് തോറ്റ ഏക മണ്ഡലം ഇതടങ്ങുന്ന ആലപ്പുഴയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 91 സീറ്റില്‍ വിജയിച്ചിരുന്നു. ഇതില്‍നിന്നാണ് 15ലേക്ക് കൂപ്പുകുത്തിയത്. 47 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 124ലേക്ക് കുതിക്കുകയും ചെയ്തു.

ബി.ജെ.പി വിജയിച്ച നേമത്ത് ഇക്കുറിയും അവര്‍തന്നെ മേല്‍ക്കെ നേടി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 80 നിയമസഭ സീറ്റിലായിരുന്നു മേല്‍ക്കൈ. 56 സീറ്റില്‍ ഇടതു മുന്നണി മുന്നിലെത്തി. അന്ന് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാമതെത്തിയിരുന്നു.

Top