മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമം; മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

rss

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിച്ച് കൊലവിളി നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ആര്‍എസ്എസ് കാര്യവാഹകായ വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരാണെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇന്നലെ ഒറ്റപ്പാലം കോടതി വളപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായ കൊലവിളി നടത്തിയത്. മാധ്യമപ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് ആക്രമിക്കുകയും പ്രാദേശിക ചാനല്‍ പ്രവര്‍ത്തകന്റെ ക്യാമറ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത് കോമ്പാല, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് നേരെയായിരുന്നു അക്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്. വെട്ടിനിന്നിട്ടുണ്ടെടാ, തീര്‍ത്തുകളയും എന്നായിരുന്നു ബിജെപി നേതാവിന്റെ കൊലവിളി. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ ശ്യാം കുമാറിന്റെ കഴുത്തിന് പിടിച്ച് ഞെരിച്ചു. ശ്രീജിത് കോമ്പാലയെ അടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു. പ്രാദേശിക ലേഖകന്റെ ക്യാമറ തറയില്‍ എറിഞ്ഞ് തകര്‍ത്തു.

നെല്ലായയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികളായ ആര്‍എസ്എസുകാരെ സ്വകാര്യ വാഹനത്തിലാണ് പൊലീസ് കോടതിയിലെത്തിച്ചത്. മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തില്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം.

Top