കേരളാ ബീഫ് വിവാദം : പോലീസിന് പരാതി നല്‍കിയ ഹിന്ദുസേനാ നേതാവ് അറസ്റ്റില്‍

ന്യൂദല്‍ഹി: കേരളാ ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നുണ്ടെന്ന് വിവരം നല്‍കിയ ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്ത അറസ്റ്റില്‍. പോലീസിന് തെറ്റായ വിവരം നല്‍കിയതിനാണ് അറസ്റ്റ്. ഈ വിഷയത്തില്‍ ദല്‍ഹി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ദല്‍ഹി തിലക് നഗറില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഐ.പി.സി 182 ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ഇന്നലെ തന്നെ ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.  പ്രശാന്ത് ഭൂഷണെ ആക്രമിച്ച കേസുള്‍പ്പടെ മുമ്പും സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് വിഷ്ണു ഗുപ്തയെ ചോദ്യം ചെയ്ത് വരികയാണ്.

അതിനിടെ കേരള ഹൗസില്‍ എന്ത് വിളമ്പണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് തീരുമാനിക്കേണ്ടത് ആര്‍.എസ്.എസും ബി.ജെ.പിയുമല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും നിലപാട് ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളാ ഹൗസിലെ പോലീസ് നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ദല്‍ഹി പോലീസിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനേറ്റ ആഘാതമാണ് നടപടിയെന്നും ഉമ്മന്‍ ചാണ്ടി ബുധനാഴ്ച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെറ്റ് അംഗീകരിച്ച് തിരുത്താത്ത പക്ഷം ദല്‍ഹി പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Top