കര്‍ണ്ണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് ആഭ്യന്തര സര്‍വേ ഫലം; 100 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കോണ്‍ഗ്രസിന് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തെന്നുമാണ് സര്‍വേ വിലയിരുത്തല്‍.

കളങ്കിതനായ ബി.എസ്.യെദ്യൂരപ്പയെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ബോധിച്ചിട്ടില്ലെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തില്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനാണ് സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ച്ചയായി ക്ഷേത്ര സന്ദര്‍ശനത്തിലൂടെ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വ വോട്ടുകള്‍ ഭദ്രമാക്കുന്നതിനുള്ള ശ്രമത്തിലാണ്. ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമാക്കിയ വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാന്‍ സമുദായനേതാക്കളെ നേരിട്ട് കാണാന്‍ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി ഘടകം.

ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായോ മതന്യൂനപക്ഷമായോ പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലിംഗായത്ത് സമുദായ നേതൃത്വവുമായി ഏതാനും ദിവസങ്ങളായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയത്.

സാമുദായികമായും രാഷ്ട്രീയമായും കര്‍ണാടകത്തില്‍ ഏറെ സ്വാധീനമുള്ള ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുക വഴി ഈ വോട്ട് ബാങ്ക് സ്വന്തമാക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ലിംഗായത്തുകാരെ പ്രത്യേക മതവിഭാഗമായി സര്‍ക്കാര്‍ പരിഗണിക്കണമെന്ന ജസ്റ്റിസ് എച്ച്.എന്‍ നാഗമോഹന്‍ദാസ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.

Top