ന്യൂഡൽഹി:ഇന്ത്യ പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു എല്ലാ സ്ഥലത്തും പച്ചക്കൊടി . ഒരിക്കൽ ബാലികേറാ മലയായിരുന്ന തമിഴ്നാടും, ബി.ജെ.പിയുടെ കാൽച്ചുവട്ടിലേക്കെന്ന് സൂചന. ഉടൻ നടക്കാൻ പോകുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ അണ്ണാ ഡി.എം.കെയേയും ഉൾപ്പെടുത്തിയേക്കുമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അണ്ണാ ഡി.എം.കെയുടെ എൻ.ഡി.എ പ്രവേശനം ആഗസ്റ്റ് ആദ്യ വാരത്തിൽ തന്നെയുണ്ടാകുമെന്നാണ് സൂചന.
അണ്ണാ ഡി.എം.കെയുമായുള്ള തുടർ ചർച്ചകൾക്ക് ചുക്കാൻപിടിക്കാൻ ബി.ജെ.പിയിലെ ഉന്നത വൃത്തങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും നിർദേശം നൽകിക്കഴിഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻ.ഡി.എ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ബീഹാറിലെ ജെ.ഡി.യുവിനെ കോൺസഖ്യത്തിൽ നിന്നും അടർത്തിമാറ്റി സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞതും, അണ്ണാ ഡി.എം.കെയെ കൂടെക്കൂട്ടുന്നതിന് ബി.ജെ.പി നേതൃത്വത്തിന് പ്രചോദനമായി.
പാർട്ടി തലത്തിൽ ഏറെക്കാലമായി ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ നിയമനവും, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും, പാർട്ടി ഭാരവാഹികളായി നിശ്ചയിക്കുന്നതും ബി.ജെ.പി നേതൃത്വം വൈകിപ്പിക്കുന്നത് പോലും അണ്ണാ ഡി.എം.കെയുടെ എൻ.ഡി.എ പ്രവേശനം സംബന്ധിച്ച മറുപടി ലഭിക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. ജെ.ഡി.യുവിന് പിന്നാലെ അണ്ണാ ഡി.എം.കെയും മുന്നണിയിലേക്ക് എത്തുമ്പോൾ മങ്ങുന്നത്, ശിവസേനയുടെ എൻ.ഡി.എ സഖ്യത്തിലെ പ്രാധാന്യമായിരിക്കും.