ബിജെപിയക്ക് കോണ്‍ഗ്രസ് വോട്ടുമറിച്ചു പക്ഷെ ബിജെപി കാലുവാരി; ഉമ്മന്‍ ചാണ്ടിയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നതിങ്ങനെ

തിരുവനന്തപുരം: കോണ്‍ഗ്രസും സംഘപരിവാര സംഘടനകളുമായി കേരളത്തില്‍ യുഡിഎഫ് നേതാക്കളുമായി കരാറിലെത്തിയിരുന്നോ..? ഉമ്മന്‍ ചാണ്ടിയുടെ അമിത ആത്മവിശ്വാസം ഇത് കൊണ്ടായിരുന്നോ…? ഹൈക്കമാന്റിനെ പോലും വെല്ലുവിളിച്ചും തന്റെ വിശ്വസ്തരെ മത്സരിപ്പിച്ചും അഴിമതിക്കാരെ സംരക്ഷിച്ചും മുന്നേറിയത് ഈ വിശ്വാസത്തിലായിരുന്നോ..? ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചാല്‍ തിരിച്ചും ബിഡിജെസും ബിജെപിയും കോണ്‍ഗ്രസിന് വോട്ടുമാറിക്കാനായിരുന്നു ധാരണ. എന്നാല്‍ കരാര്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേദിവസം പോലും ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് ശക്തമായ ആത്മവിശ്വാസത്തോടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് ഈ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ബി.ജെ.പിയേയും കടന്നാക്രമിച്ചെങ്കിലും സംസ്ഥാനതലത്തില്‍ ബന്ധപ്പെട്ടവരുമായി വേണ്ട ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട നാലു മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് ബി.ജെ.പിയെ സഹായിക്കുമെന്നതായിരുന്നു വാഗ്ദാനം.
ഇതിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്നിട്ടും നല്ല സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നിട്ടും നേമം സീറ്റ് അവര്‍ ഏറ്റെടുക്കാതിരുന്നതും. അവിടെ മത്സരിച്ച ജെ.ഡി.യു തങ്ങള്‍ക്ക് ഈ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയില്ലെന്നും അതുകൊണ്ടുതന്നെ വോട്ട് മറിക്കല്‍ ആരോപണമുണ്ടാകുമെന്നും സീറ്റ് വിഭജന ചര്‍ച്ച സമയത്ത് തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സീറ്റ് അവരെ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ മണ്ഡലത്തില്‍ സുപരിചിതന്‍പോലുമല്ലാത്ത അവസാനനിമിഷം ഇടതുമുന്നണി വിട്ടുവന്ന സുരേന്ദ്രപിള്ളയെ അവിടെ വിലയ്‌ക്കെടുത്ത് സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടാണ് യു.ഡി.എഫിനുണ്ടായത്. അതുപോലെ കഴക്കൂട്ടം മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ വോട്ട് മറിഞ്ഞിരുന്നു. ഡി.സി.സിക്ക്‌പോലും അനഭമതനായിരുന്ന എം.എ. വാഹീദിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടാണ് ഈ തന്ത്രം പയറ്റിയത്. ഒപ്പം തന്നെ കെ. മുരളീധരനെ പരാജയപ്പെടുത്താനും ബി.ജെ.പിയെ സഹായിക്കാനുമുളള നീക്കം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നടന്നു. പക്ഷേ മുരളി അത് നേരത്തെ മനസിലാക്കുകയും അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം മൂലം അദ്ദേഹത്തിന് വേണ്ട ജനസമ്മതിയുമുണ്ടായിരുന്നു.

അതുകൊണ്ടാണ് വലിയ പരിക്കില്ലാതെ മുരളി രക്ഷപ്പെട്ടത്.ഇതിന് പകരമായി കുറഞ്ഞത് 74 മണ്ഡലങ്ങളില്‍ തിരിച്ചുസഹായിക്കണമെന്നായിരുന്നു കരാര്‍. പക്ഷേ 90 കളിലെ കോലിബി സഖ്യകാലത്ത് തങ്ങളെ കോണ്‍ഗ്രസ് ചതിച്ചതിന് ബി.ജെ.പി മധുരപ്രതികാരം വീട്ടുകയായിരുന്നു കേരളത്തില്‍. നേമത്ത് യു.ഡി.എഫിന്റെ വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന ആരോപണം മുന്നണിയില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. കോണ്‍ഗ്രസിന് ഏകദേശം 40,000ല്‍ പരം വോട്ടുളള് മണ്ഡലമാണത്. കഴിഞ്ഞതവണ ജെ.ഡി.യുപോലും 20,000ലേറെ വോട്ട് പിടിച്ചു. എന്നാല്‍ ഇക്കുറിയായപ്പോള്‍ കഴിഞ്ഞതവണത്തേതില്‍ നിന്നുതന്നെ 8000ല്‍ പരം വോട്ടുകള്‍ അപ്രത്യക്ഷമായി. സി.പി.എമ്മിന്റെ ശിവന്‍കുട്ടിയുടെ വോട്ടില്‍ 9,000ത്തിന്റെ വര്‍ദ്ധനയുമുണ്ട്.

എന്നാല്‍ രാജഗോപാലിനാണ് ഏകദേശം 20,000ലേറെ വോട്ട് വര്‍ദ്ധിച്ചത്. ബി.ഡി.ജെ.എസ് മാജിക് എന്നു പറയാനാണെങ്കില്‍ അവര്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത മണ്ഡലവുമാണത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് പോയതില്‍ പകുതിയിലേറെ യു.ഡി.എഫിന്റേതായിരുന്നുവെന്നാണ് ആരോപണം. വോട്ടെടുപ്പ് ദിവസംഉച്ചകഴിഞ്ഞ് യു.ഡി.എഫിന്റെ ബൂത്ത് ഏജന്റുമാര്‍പോലും വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നുമില്ല. കഴക്കൂട്ടത്ത് 10,000ലേറെ വോട്ടുകളാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്. അതുപോലെ മഞ്ചേശ്വരത്തും വോട്ട് മറിച്ചെങ്കിലും അപരന്‍ സുരേന്ദ്രന് വിനയായി. പതിവ് തെറ്റിച്ച് ഇക്കുറി സി.പി.എം അല്ല കോണ്‍ഗ്രസാണ് മഞ്ചേശ്വരത്ത് വോട്ട് മറിച്ചത്. സാധാരണ മഞ്ചേശ്വരം, കാസര്‍കോഡ് മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയം തടയാനായി സി.പി.എം. ലീഗിന് വോട്ട് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി തങ്ങളുടെ വോട്ടുകള്‍ പൂര്‍ണ്ണമായി പിടിച്ചിട്ടുണ്ടെന്നാണ് സി.പി.എം. പറയുന്നത്.

ഇങ്ങനെ കോണ്‍ഗ്രസില്‍ നിന്നും വോട്ട് വാങ്ങിയ ബി.ജെ.പിയും ബി.ഡി.ജെ.എസും മറ്റുമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കുന്നതിന് പകരം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ടിടുകയായിരുന്നു. അവിടെയാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടലുകള്‍ തകര്‍ന്നത്. കേരളത്തില്‍ ശക്തമായി വേരുറപ്പിക്കാന്‍ ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടി വരുന്നത് നല്ലതാണെന്ന വികാരമായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മോഡിയെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് അവര്‍ നിലപാട് മാറ്റിയത്. അവസാനനിമിഷം വരെ മോഹിപ്പിച്ചശേഷം ഉമ്മന്‍ചാണ്ടിയെ ബി.ജെ.പി ചതിച്ചു. ഇതിലൂടെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ബി.ജെ.പിക്ക് താമരവിരിയിക്കാനാകുകയും ചെയ്തു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയത്തിലേക്ക് ഒരുപടികൂടി തങ്ങള്‍ അടുത്തുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതികരണവും ഇതിനു പിന്നാലെ തന്നെയായിരുന്നു വന്നത്.

 

Top