ന്യൂഡല്‍ഹി: സഹകരണബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ തേടി ആദായ നികുതിവകുപ്പ്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നും ഇല്ലെന്നുമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് കള്ളപ്പണമുണ്ടെന്ന് സമ്മതിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തില്‍ കൂടുതലുള്ള എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം തേടിയാണ് ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളിലെ പാന്‍ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ആരംഭിച്ച അന്വേഷണം ഉടനെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കും തുടര്‍ന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.
സഹകരണ ബാങ്കുകളിലെ നിക്ഷേപകരില്‍ പലര്‍ക്കും പല പേരുകളില്‍ അക്കൗണ്ടുള്ളതിനാല്‍ വീട്ടുപേരുകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. പത്തു ലക്ഷം രൂപയിലധികമുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നുണ്ട്. 25 ലക്ഷം രൂപയിലധികം നിക്ഷേപമുള്ളവരില്‍ നിന്നു നേരിട്ടു വിശദീകരണം തേടാനും തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന മൊത്ത നിക്ഷേപക്കണക്കും വ്യക്തിഗത നിക്ഷേപക്കണക്കും ഒത്തു നോക്കി നിക്ഷേപങ്ങള്‍ മറച്ചു വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട്.
സഹകരണ ബാങ്കുകളില്‍ പത്തു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളില്‍ 60% റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കള്ളപ്പണമായി ലഭിച്ച തുകയും 40% പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണെന്നാണു പ്രാഥമിക വിശകലനം. നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശയ്ക്ക് 95 % നിക്ഷേപകരും ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കേരളത്തിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചു പാന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഊര്‍ജിതമായിട്ടുണ്ട്. പാന്‍ മുഖേന ഓണ്‍ലൈനില്‍ ലഭിക്കുന്ന നിക്ഷേപ വിവരങ്ങളെക്കുറിച്ചുള്ള ഡിജിറ്റല്‍ വിശകലനം ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നുണ്ട്.
കണക്കില്‍ പെടാതെ ബാങ്കില്‍ പണമിട്ടവര്‍ക്ക് പിടിവീഴും അതേസമയം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ നടപടികളിലേക്കും ആദായനികുതി വകുപ്പ് അധികൃതര്‍ കടക്കുന്നുണ്ട്. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനുശേഷം കണക്കില്‍ കാണിക്കാത്ത ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയ ആദായ നികുതിദായകര്‍ വകുപ്പിന്റെ വെബ്സൈറ്റ് (tthps://incometaxindiaefiling.gov.in
) പരിശോധിക്കണമെന്നും പൊരുത്തക്കേടു സബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്നും ആദായനികുതി വകുപ്പ്.
നികുതിദായകര്‍ സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം ഇ-ഫയലിങ് വിന്‍ഡോയില്‍ അവരവരുടെ പാന്‍ നമ്പര്‍ നല്‍കി ഇതു പരിശോധിക്കണം. കംപ്ലയന്‍സ് സെക്ഷനില്‍ കാഷ് ട്രാന്‍സാക്ഷന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതു കാണാനാവും. ഈ നിക്ഷേപം നടത്തിയ ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡ് ഉടമയുടേതല്ലെങ്കില്‍ അതു രേഖപ്പെടുത്തണം. അക്കൗണ്ട് ഉടമയുടേതു തന്നെയാവുകയും എന്നാല്‍ നിക്ഷേപത്തുക തെറ്റാവുകയും ചെയ്താല്‍ അതു തിരുത്തണം. തുകയുടെ ഉറവിടം ഓണ്‍ലൈനായി രേഖപ്പെടുത്താനും കഴിയും. നിക്ഷേപം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കണം.
മറ്റാരുടെയെങ്കിലും പണം വായ്പയായോ സംഭാവനയായോ സമ്മാനമായോ ലഭിച്ചതാണോ, എന്തെങ്കിലും വില്‍പന നടത്തി ലഭിച്ചതാണോ എന്നു വ്യക്തമാക്കണം. കാര്‍ഷികാദായം പോലെ നികുതി രഹിത വരുമാനമാണെങ്കില്‍ അതും വ്യക്തമാക്കാം. നികുതിദായകനെ സംബന്ധിച്ചു രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ഈ നികുതിരഹിത വരുമാനമെങ്കില്‍ അതു പരിശോധനാ വിധേയമാകാം. മുന്‍കാല വരുമാനമോ സമ്പാദ്യമോ ആണു നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ അതും വ്യക്തമാക്കാം.
ഇതും പൊരുത്തപ്പെടുന്നതല്ലെങ്കില്‍ പരിശോധനാവിധേയമാകാം. അങ്ങനെ വന്നാല്‍ നികുതിദായകനെ ഇ-മെയില്‍ മുഖേനയോ എസ്എംഎസ് മുഖേനയോ അറിയിക്കും. മറുപടി തൃപ്തികരമെങ്കില്‍ തുടര്‍നടപടി ഉണ്ടാവില്ല. കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം ഈ നിക്ഷേപം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി വരില്ല.
18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടി രൂപയുടെ ദുരൂഹ നിക്ഷേപം
നോട്ട ് അസാധുവാക്കല്‍ നടപടിയെയും കള്ളപ്പണക്കാര്‍ മറികടന്നുവെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇതിന്റെ വിശദാംശങ്ങളും പുറത്തുവന്നു. നോട്ട് അസാധുവാക്കലിന്ശേഷം 18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടി രൂപ ദുരൂഹസാഹചര്യത്തില്‍ നിക്ഷേപിച്ചുവെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി..ഇത്തരത്തില്‍ പണം നിക്ഷേപിച്ച 13 ലക്ഷം ആളുകള്‍ക്ക് ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും സന്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു ലക്ഷം പേര്‍ക്ക് വരും ദിവസങ്ങളില്‍ സന്ദേശം നല്‍കാനും തീരുമാനിച്ചു.
‘സ്വച്ഛ് ധന്‍ അഭിയാന്‍’ എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 10 ദിവസമാണ് അക്കൗണ്ട് ഉടമകള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിച്ച സമയം. ഇതിനുള്ളില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുശീല്‍ ചന്ദ്ര അറിയിച്ചു. ഇത്രയും പേര്‍ അവര്‍ വെളിപ്പെടുത്തിയ ആസ്തിവിവരവും അവരുടെ നിക്ഷേപവും തമ്മില്‍ പൊരുത്തക്കേടുള്ളതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടത്.