ബോറിസ് ജോൺസണ് കൊവിഡ് 19 സ്ഥിരീകരിച്ചു!കൊവിഡിന്റെ പിടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും!! സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുന്നതിനിടെയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു രാജ്യത്തലവന് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളായി തനിക്ക് കൊവിഡ് രോഗത്തിന്റെ ചെറിയ ലക്ഷണങ്ങളുണ്ട് എന്നും പരിശോധനാഫലം പോസിറ്റീവാണ് എന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. താന്‍ സ്വയം ക്വാറന്റീനില്‍ പോവുകയാണ് എന്നും അതേസമയം കൊവിഡിനെ തുരത്താനുളള ബ്രീട്ടീഷ് സര്‍ക്കാരിന്റെ പോരാട്ടം താന്‍ തന്നെ നയിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബോറിസ് ജോണ്‍സണ്‍ ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ബോറിസ് ജോണ്‍സന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നില്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും എങ്കിലും വീട്ടിലിരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടില്‍ നിന്നുളള വീഡിയോ ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ” തനിക്ക് ചെറിയ പനിയും ചുമയുമുണ്ട്. മെഡിക്കല്‍ ഓഫീസറുടെ ഉപദേശം അനുസരിച്ച് താന്‍ പരിശോധന നടത്തുകയുണ്ടായി. ഫലം പോസിറ്റീവാണ്. അത് കൊണ്ട് താന്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. താന്‍ വീട്ടിലിരുന്ന് കൊണ്ട് ജോലി ചെയ്യും. അതാണ് ഏറ്റവും ശരിയായ കാര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കൊറോണയെ പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കയ്യടിച്ച് അഭിനന്ദിക്കുന്ന പരിപാടിയില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമല്ല നമ്മുടെ പോലീസും സാമൂഹ്യ പ്രവര്‍ത്തകരും അധ്യാപകരും അടക്കമുളളവര്‍ മഹത്തായ സേവനമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് വളണ്ടിയര്‍മാരാണ് ബ്രിട്ടനില്‍ കര്‍മ്മനിരതരായിരിക്കുന്നത്. ഓരോരുത്തര്‍ക്കും താന്‍ നന്ദി പറയുകയാണ്. കൊവിഡിനെ നമ്മള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും.

വളരെ വേഗത്തില്‍ തന്നെ രാജ്യം തിരിച്ച് വരും. വീടുകളില്‍ നിന്ന് വീടുകളിലേക്ക് കൊവിഡ് എത്താതെ തടയാന്‍ തന്നെപ്പോലെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. അങ്ങനെയാണ് നമ്മള്‍ കൊവിഡിനെ തോല്‍പ്പിക്കാന്‍ പോകുന്നത്. നമ്മള്‍ ഒരുമിച്ച് കൊവിഡിനെ തുരത്തും. എല്ലാവരും വീട്ടില്‍ കഴിയുക”. വ്യാഴാഴ്ച പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയിരുന്നു. അന്ന് നടന്ന ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അടുത്ത അവകാശിയായ ചാള്‍സ് രാജകുമാരനും അടുത്തിടെ കൊവിഡ് 19 സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ 11,658 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുളളത്. 2129 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 578 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 66 പേര്‍ക്ക് രോഗം ഭേദമായി. കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇതുവരെ 17 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 677 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. നിലവില്‍ സജീവമായ കോവിഡ് രോഗികളുടെ എണ്ണം 640 ആണെന്നും മന്ത്രാലയം പുറത്തവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച് കൊറോണ ബാധിച്ച്‌ വ്യാഴാഴ്ച ഇന്ത്യയില്‍ ആറ് പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണ സംഖ്യയാണിത്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് 27 സംസ്ഥാനങ്ങളിലായി 103 ജില്ലകളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിട്ടുള്ളത്.

Top