തലശ്ശേരി: കോളേജ് കാംപസിനുള്ളിലെ ചുമരിലും മതിലിലും മറ്റും പരസ്യങ്ങള്‍ നിരോധിച്ച് 2002 ല്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും ഈ കാര്യം കാമ്പസില്‍ ബോര്‍ഡെഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പ്രസ്തുത ഉത്തരവ് അനുസരിക്കുമെന്ന് പറഞ്ഞതിനാലാണ് എ.ബി.വി.പി.പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി കൊടിമരം സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.ഫല്‍ഗുനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിക്ക് ശേഷം കൊടിമരം എടുത്ത് മാറ്റാത്തത് കാരണമാണ് ഞാന്‍ തന്നെ നീക്കി പോലീസിന് കൈമാറിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊടിമരം മാറ്റണമെന്ന് പോലീസും ആവശ്യപ്പെട്ടിരുന്നു. ഇതിനായി പോലീസിനെ കാമ്പസിനുള്ളില്‍ കയറ്റേണ്ടതില്ലെന്നതിനാല്‍ പിഴുതെടുത്ത് കൈമാറുകയായിരുന്നു.മറ്റ് സംഘടനകളുടെ കാര്യത്തിലും തനിക്ക് ഇതേ നിലപാടാണുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. താന്‍ കൊടിമരം പിഴുതെറിയുന്ന വീഡിയോ നവമാധ്യമങ്ങളില്‍ ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. ഇതിന് പിന്നില്‍ പ്രത്യേക രാഷട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ച കോളേജിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. ഇതിനെ അംഗീകരിക്കാന്‍ പറ്റില്ല.
തിങ്കളാഴ്ച സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും കാമ്പസിനകത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തില്‍ നോക്ക് കുത്തിയായി നില്‍ക്കേണ്ട അവസ്ഥയാണെന്നും പ്രിന്‍സിപ്പല്‍ പ്രഫ.ഫല്‍ഗുനന്‍ പറഞ്ഞു. തനിക്ക് നേരെ നടന്ന വധഭീഷണിയില്‍ താന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുകയാണെന്നും മരണ മൊഴിയായി ഇത് പോലീസ് രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.