ലണ്ടൻ : ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി.ബൈക്സിറ്റ് കരാർ വോട്ടെടുപ്പിൽ തെരേസാ മേ ക്ക് കനത്ത തിരിച്ചടി!യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ ബ്രിട്ടിഷ് പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ തള്ളി. 403 എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ ഭരണകക്ഷി അംഗങ്ങൾ അടക്കം കൂട്ടത്തോടെ കരാറിനെതിരെ വോട്ട് ചെയ്തതു തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. രാജിവച്ച് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടിലാണു പ്രതിപക്ഷമായ ലേബർ പാർട്ടി. കരാർ തള്ളിയതോടെ ഇനി പുതിയ കരാർ തയാറാക്കുകയോ കരാർ വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കിൽ പുതിയ ഹിതപരിശോധന നടത്തുകയോ ചെയ്യണം.
കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ചു വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപും പാർട്ടി എംപിമാരുമായി കൂടിക്കാഴ്ച നടത്തി പിന്തുണ നേടാൻ മേ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.2016 ജൂൺ 23നാണ് ബ്രിട്ടനിൽ ഹിതപരിശോധന നടന്നത്. യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് 51.9 ശതമാനവും എതിർത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി 19 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിലാണു കരാർ രൂപമെടുത്തത്. പിന്നാലെ കരാർ വ്യവസ്ഥകളെ എതിർത്ത് ബ്രെക്സിറ്റ് മന്ത്രി ഡോമിനിക് റാബ് രാജിവച്ചു.