ബ്രെക്സിറ്റ് നീട്ടാൻ പാർലമെന്റ്;പ്രധാനമന്ത്രി ബോറിസ് ജോൺസന് കനത്ത തിരിച്ചടി.

ലണ്ടൻ :ബ്രൈറ്റേഷ പ്രധാനമന്ത്രി ബോറിസ് ജോൺസന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ബ്രെക്സിറ്റ് നീട്ടാൻ പാർലമെന്റ് തീരുമാനം .ബ്രെക്‌സിറ്റ്‌ കരാറിന്‌ അംഗീകാരം നേടാൻ വിളിച്ചുചേർത്ത ചരിത്രപ്രധാനമായ അസാധാരണ പാർലമെന്റ്‌ സമ്മേളനത്തിൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസണ്‌ തിരിച്ചടി. ബ്രെക്‌സിറ്റ്‌ വോട്ട്‌ വൈകിപ്പിക്കാൻ നിർദേശിച്ച്‌ ജോൺസന്റെ കൺസർവേറ്റീവ്‌ പാർടിയിലെ അംഗം ഒലിവർ ലെറ്റ്‌വിൻ അവതരിപ്പിച്ച പ്രമേയം 306നെതിരെ 322 വോട്ടിന്‌ പാർലമെന്റ്‌ പാസാക്കി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുളള ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു സൂപ്പർ സാറ്റർഡേ’ പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം പാസാക്കി. ഇന്നലെ രാത്രി 11നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ 3 മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയനു കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. ജോൺസൻ കത്തയയ്ക്കാമെന്നു സമ്മതിച്ചതായി ഇയു നേതാക്കൾ വെളിപ്പെടുത്തിയെങ്കിലും ആ സമയമത്രയും ബ്രിട്ടിഷ് സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. ആവശ്യപ്പെട്ടാൽ കാലാവധി നീട്ടിത്തരാമെന്നു നേരത്തേ തന്നെ പറഞ്ഞ ഇയു, ചർച്ചകൾക്കുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികരണം അറിയിക്കാമെന്നാണു സൂചിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും 31നുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നുമായിരുന്നു പാർലമെന്റിലെ തിരിച്ചടിക്കു ശേഷവും ജോൺസൻ ആദ്യം ആവർത്തിച്ചത്. ഇന്നലത്തെ സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിനു പകരമാണു നേരത്തെ പാർലമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ചു ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസ്സാക്കിയത്. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിന് പാസാക്കി. കാലാവധി നീട്ടാൻ ആവശ്യപ്പെട്ട ശേഷം മാത്രം പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ്‍വിന്റെ നിലപാട് ജോൺസന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

മുമ്പ്‌ പാർലമെന്റ്‌ പാസാക്കിയ ബെൻ നിയമമനുസരിച്ച്‌, യൂറോപ്യൻ യൂണിയനിൽനിന്ന്‌ ബ്രിട്ടന്‌ പുറത്തുപോകാനുള്ള ബ്രെക്‌സിറ്റ്‌ സമയപരിധി 31ൽനിന്ന്‌ നീട്ടണമെന്ന്‌ ശനിയാഴ്‌ച തന്നെ ഇയുവിന്‌ എഴുതാൻ ബോറിസ്‌ ജോൺസൺ നിർബന്ധിതനാണ്‌. എന്നാൽ, പാർലമെന്റിന്റെ തീരുമാനം അംഗീകരിക്കാത്ത മട്ടിലാണ്‌ ജോൺസന്റെ പ്രതികരണം.ബ്രെക്‌സിറ്റ്‌ തയ്യാറെടുപ്പുമായി എങ്ങനെ മുന്നോട്ടുപോകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വിശദീകരിക്കണമെന്ന്‌ വോട്ടെടുപ്പിനുശേഷം യൂറോപ്യൻ കമീഷൻ ബ്രിട്ടീഷ്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നിയമവാഴ്‌ചയ്‌ക്കൊപ്പം നിൽക്കുമെന്ന്‌ വോട്ടെടുപ്പിനു മുമ്പുപറഞ്ഞ ജോൺസൺ പരാജയത്തെ തുടർന്ന്‌ സ്വരം മാറ്റി. ബ്രെക്‌സിറ്റ്‌ സമയപരിധി നീട്ടാൻ ആവശ്യപ്പെടില്ലെന്നും 31നുതന്നെ ബ്രെക്‌സിറ്റ്‌ നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ജോൺസൺ പറഞ്ഞു.31നകം ബ്രെക്‌സിറ്റ്‌ നടപ്പാക്കാനാവശ്യമായ നിയമനിർമാണമില്ലാതെ പുതിയ കരാറിൽ വോട്ട്‌ പാടില്ലെന്നാണ്‌ ലെറ്റ്‌വിൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടത്‌. ജോൺസന്റെ പുതിയ കരാർ വൈകിക്കാനുള്ള പ്രമേയം അംഗങ്ങൾ അംഗീകരിച്ചാൽ കരാർ പാസാക്കാനുള്ള പ്രമേയം അടുത്തയാഴ്‌ചത്തേക്ക്‌ മാറ്റുമെന്ന്‌ സർക്കാർ സൂചിപ്പിച്ചിരുന്നു.

ശനിയാഴ്‌ചത്തെ വോട്ട്‌ തന്നെ നിരാശനോ നിസ്സംഗനോ ആക്കുന്നില്ലെന്നും ബ്രെക്‌സിറ്റിന്‌ ആവശ്യമായ നിയമനിർമാണത്തിനുള്ള പ്രമേയം അടുത്തയാഴ്‌ച അവതരിപ്പിക്കുമെന്നും ജോൺസൺ പറഞ്ഞു. തിങ്കളാഴ്‌ച പ്രമേയം അവതരിപ്പിച്ച്‌ ചൊവ്വാഴ്‌ച വോട്ടിനിട്ടേക്കുമെന്നാണ്‌ സൂചന.37 വർഷത്തിനിടെ ആദ്യമായാണ്‌ ശനിയാഴ്‌ച ബ്രിട്ടീഷ്‌ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്‌.

ഇതിനിടെ, ബ്രെക്‌സിറ്റിനെ എതിർത്തും പുതിയ ജനഹിത പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടും പതിനായിരക്കണക്കിനാളുകൾ ലണ്ടനിൽ പ്രകടനം നടത്തി. മധ്യ ലണ്ടനിലെ ഹൈഡ്‌ പാർക്കിനു സമീപം ഒത്തുചേർന്ന ജനങ്ങൾ വെസ്‌റ്റ്‌മിൻസ്‌റ്ററിലേക്ക്‌ പ്രകടനം നടത്തി.

Top