
ഹരിയാനയിലെ ഗുരുഗ്രാമില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വര്‍ണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഭര്‍തൃവീട്ടില്‍ നിന്ന് 1.5 ലക്ഷം പണവും ആഭരണങ്ങളുമായി വധു മുങ്ങിയെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിലാസ്പൂര്‍ മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തന്റെ ഇളയ മകന്‍ വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് അശോക് കുമാറിന്റെ പരാതിയില്‍ പറയുന്നു. മകന് നല്ലൊരു വധുവിനെ കണ്ടെത്തണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അശോക് പറഞ്ഞിരുന്നു. സുഹൃത്ത് മനീഷ് പരിചയപ്പെടുത്തിയ മഞ്ജു വഴിയാണ് പ്രീതിയുടെ ആലോചന വന്നതെന്നും അശോക് ഉന്നയിക്കുന്നു.
മഞ്ജുവും പ്രീതി കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നും സ്ത്രീധനം നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു. സ്ത്രീധനം ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കി. പെണ്‍കുട്ടിയെ ഇഷ്ടമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും വസ്ത്രങ്ങളും ഏല്‍പ്പിച്ചു.
പിന്നീട് വിവാഹ രജിസ്‌ട്രേഷനായി ജൂലൈ 26 ന് മഞ്ജുവും കൂട്ടാളിയും പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് പുതിയ മരുമകളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ തങ്ങള്‍ രാത്രി ഒരു പാര്‍ട്ടി നടത്തി. പിറ്റേ ദിവസം രാവിലെ മുതല്‍ പ്രീതിയെ കാണാതായെന്നുമാണ് അശോകിന്റെ പരാതി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കാണാനില്ലെന്നും മനസിലാക്കിയെന്നും അശോക് പറയുന്നു.