
കൊച്ചി: സംസ്ഥാനത്ത് അപകടാവസ്ഥയിലായ 165 പാലങ്ങളുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്. ഓരോ ജില്ലയിലെയും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരും നടത്തിയ പരിശോധനയിലാണ് പാലങ്ങളുടെ അപകടസ്ഥിതി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടന്നത്.
സംസ്ഥാനത്താകെ 2249 പാലങ്ങള്‍ പരിശോധിച്ചതില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണമായും സുരക്ഷിതമായവ. ബഹുഭൂരിപക്ഷം പാലങ്ങളും നവീകരിക്കുകയോ പൊളിച്ചുപണിയുകയോ വേണം. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുനര്‍നിര്‍മിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നൂറുവര്‍ഷം പിന്നിട്ട പാലങ്ങള്‍ പലതും ഒരു പ്രശ്‌നവുമില്ലാതെ നില്‍ക്കുമ്പോഴാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചവ ചുരുങ്ങിയ കാലയളവിനുള്ളില്‍ അപകടാവസ്ഥയിലായത്. ബഹുഭൂരിപക്ഷം പാലങ്ങളുടെയും സ്ഥിതി മോശമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പൊതുഖജനാവ് കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആക്ഷേപം. പൊതുഖജനാവിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ അടിയന്തര നടപടി വേണം. കാരണക്കാരായവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.