സിറിയയെക്കുറിച്ചുള്ള പുസ്തകം വായിച്ച യുവതിയെ തീവ്രവാദിയെന്ന് സംശയിച്ച് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Faizah-Shaheen

ലണ്ടന്‍: ഒരു തെറ്റും ചെയ്യാത്തവര്‍ക്ക് ഭീകരപ്രവര്‍ത്തനെത്തെക്കുറിച്ചോ ഐഎസിനെക്കുറിച്ചോ അഭിപ്രായം പോലും പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. ഐഎസ്, സിറിയ തുടങ്ങിയ വാക്കുകള്‍ വായില്‍നിന്നു വീണാല്‍ അപ്പോള്‍ തീവ്രവാദിയെന്ന് മുദ്രക്കുത്തുന്ന അവസ്ഥ. ഒരു ബ്രിട്ടീഷ് യുവതിക്ക് സംഭവിച്ചതും ഇതുതന്നെ.

വിമാനത്തില്‍ വച്ച് സിറിയയെ കുറിച്ചുള്ള പുസ്തകം വായിച്ച യുവതിയെ തീവ്രവാദിയായി ചിത്രീകരിച്ച തോംസണ്‍ എയര്‍വെയ്സിന്റെ നടപടി വിവാദമാകുന്നു. ബ്രിട്ടീഷ് പൗരയായ ഫായിസ ഷഹീന്‍ എന്ന 27കാരിയെയാണ് ബ്രിട്ടീഷ് വിമാനക്കമ്പനിയായ തോംസണ്‍ എയര്‍വെയ്സ് അധികൃതര്‍ തടഞ്ഞുവച്ചു ചോദ്യം ചെയ്തത്.

മാലു ഹലാസിന്റെ സിറിയ സ്പീക്സ്: ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട് ലൈന്‍ എന്ന പുസ്തകമാണ് ഫായിസ വിമാനത്തില്‍വച്ച് വായിച്ചത്. പുസ്തകം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഡോന്‍സ്റ്റര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തീവ്രവാദ നിയമമനുസരിച്ച് ചോദ്യം ചെയ്യുകയായിരുന്നു. യുവതിയെ ഒരു കുറ്റവാളിയെ പോലെ തോന്നിച്ചു എന്നാണ് വിമാന അധികൃതര്‍ ഇതിന് കാരണമായി പറഞ്ഞത്. 15 മിനിറ്റോളം ചോദ്യം ചെയ്ത ശേഷമാണ് യുവതിയെ ദക്ഷിണ യോര്‍ക്ഷെയര്‍ പൊലീസ് വിട്ടയച്ചത്.

CpAyMP0WEAAsfoG

ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസില്‍ ജോലി ചെയ്യുന്ന ഫായിസ ഷഹീന്‍ തുര്‍ക്കിയില്‍ മധുവിധു കഴിഞ്ഞ് മടങ്ങുകയായിരുന്നു. വിമാനക്കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് യുവതിയുടെ തീരുമാനം.സിറിയന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രബന്ധങ്ങളും ചെറുകഥകളും പദ്യങ്ങളും പാട്ടുകളും ഫോട്ടോയും അടങ്ങുന്ന സമാഹാരമാണ് സിറിയ സ്പീക്സ്: ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട് ലൈന്‍.

Top