വയറു നിറയാത്തതുകൊണ്ട് അല്‍പം കൂടി ഭക്ഷണം ചോദിച്ച അഞ്ചാം ക്ലാസ്സുകാരി കഷീദയ്ക്ക് കിട്ടിയതുകൊടിയ മര്‍ദനം. ഇതു ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഷഗീറിനെ തല്ലിക്കൊന്നു. അവിശ്വസനീയമെന്ന് തോന്നുന്ന ഈ സംഭവം നടന്നത് ബീഹാറിലാണ്. ഫെബ്രുവരി 10നായിരുന്നു സംഭവം.ഗോഘലപ്പുരിലെ രാജകിയ പ്രാഥമിക വിദ്യാലയയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
12കാരിയായ കഷീദ ചെയ്ത കുറ്റം രണ്ടാംവട്ടം ഭക്ഷണം ചോദിച്ചുവെന്നതായിരുന്നു. നീളമുള്ള തവികൊണ്ട് പാചകക്കാരന്‍ സഞ്ജിത്ത് കുട്ടിയെ മര്‍ദിച്ചു. മകളെ മര്‍ദിച്ചത് ചോദിക്കാനായാണ് ഷഗീര്‍ സ്‌കൂളിലെത്തിയത്. പാചകക്കാരുടെ മര്‍ദനത്തില്‍ ഷഗീറിന് ഗുരുതരമായി പരിക്കേറ്റു. ഏതാനും മണിക്കൂറിനുശേഷം മരിക്കുകയും ചെയ്തു. ഷഗീറിന്റെ ഇളയ മകന്‍ ചന്ദ് ബാബുവിനും പാചകക്കാരില്‍നിന്ന് ആറുമാസം മുമ്പ് മര്‍ദനമേറ്റിരുന്നു. അല്‍പം കൂടി കറി ചോദിച്ച ചന്ദ് ബാബുവിനെ എടുത്തെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലതുകാല്‍ ഒടിയുകയും ചെയ്തു.
ഷഗീറിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂളിലെ മൂന്ന് അദ്ധ്യാപകര്‍ക്കും പാചകക്കാരനുമെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. സംഭവത്തിനുശേഷം സ്‌കൂളും അടച്ചിരിക്കുകയാണ്. പാചകക്കാരന്‍ സഞ്ജിത്തും അദ്ധ്യാപകരായ അന്‍സാരിയും പ്രധാനാധ്യാപകന്‍ ഹര്‍ദേവ് റാമും മറ്റൊരാളും ചേര്‍ന്നാണ് പിതാവിനെ മര്‍ദിച്ചതെന്ന് കഷീദ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ അദ്ധ്യാപികയുടെ ഭര്‍ത്താവ് ശംഭുയാദവാണ് മര്‍ദനത്തില്‍ പങ്കെടുത്ത മറ്റൊരാള്‍. മര്‍ദനത്തില്‍ വൃഷണങ്ങള്‍ക്ക് പരിക്കേറ്റ ഷഗീറിനെ അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലകഷീദയും ചന്ദ് ബാബുവുമടക്കം അഞ്ചുമക്കളുടെ പിതാവായിരുന്നു കൊല്ലപ്പെട്ട ഷഗീര്‍. പുറമ്പോക്കുഭൂമിയില്‍ താമസിക്കുന്ന കുടുംബത്തിന് ഷഗീറിന്റെ മരണത്തിനുശേഷം അയല്‍ക്കാരാണ് ഭക്ഷണം നല്‍കുന്നത്. ബിഹാറില്‍ നാമമാത്രമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത്. ദിവസം ഇതിനായി അനുവദിച്ചിട്ടുള്ള തുക വെറും 3.86 രൂപ മാത്രവും.