ഈ കുഞ്ഞിനോട് എന്തിന് ഈ ക്രൂരത; ശരീരമാസകം തീപൊള്ളലേറ്റു; കൈകാലുകളില്‍ മര്‍ദനത്തിന്റെ പാടുകള്‍; ആറു വയസുകാരന്റെ ശീരരത്തിലേറ്റത് നൂറിലേറെ മര്‍ദനങ്ങള്‍

നോയ്ഡ: ആറു വയസുകാരന്റെ ശരീരത്തില്‍ ഇനി ഒരിഞ്ചു സ്ഥലം ബാക്കിയില്ല മര്‍ദനം ഏല്‍ക്കാന്‍. അടിയും ഇടിയും തീ പൊള്ളലും, ക്രൂരമര്‍ദനമേറ്റുവാങ്ങിയ അവന് നന്നായി ഒന്നു സംസാരിക്കുന്നതിനോ, എഴുന്നേറ്റു നടക്കുന്നതിനോ എന്തിന് നേരെ നില്‍ക്കുന്നതിനു പോലും സാധിച്ചിരുന്നില്ല. ക്രൂരമായ മര്‍ദന കഥയറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് കുട്ടിയെ വീട്ടില്‍ നിന്നും മോചിപ്പിച്ചത്.
ന്യൂഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ മരിച്ചതിനെ തുടര്‍ന്നു അനാഥനായ കുട്ടിയെ മദ്യപാനിയായ പിതാവ് ഈ വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ കണ്ടെത്തിയത്. വീട്ടില്‍ ജോലിക്കു വിധേയനാക്കിയിരുന്ന കുട്ടിയെ വീട്ടുടമ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുട്ടിയെ ക്രൂരതകള്‍ക്കിരയാക്കുന്നതായി പരാതി ലഭിച്ചതിന്റെയും, രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. തുടര്‍ന്നു ഇവര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ ക്രൂരമായ പീഡനങ്ങള്‍ക്കു ഇരയാക്കുന്നതായാണ് കണ്ടെത്തിയത്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ കുട്ടി രാത്രിയില്‍ വെറും തറയില്‍ തണുത്തു വിറച്ചു കിടന്നുറങ്ങുകയാണ്. പലപ്പോഴും കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ തറയില്‍ പറ്റി കിടക്കുമ്പോള്‍ ഉറുമ്പുകള്‍ വന്ന് അരിച്ചിരുന്നു. ഈ മുറിവുകളില്‍ നിന്നു വെള്ളം ഇറ്റിറ്റു വീണിരുന്നു. ഇതുമായാണ് കുട്ടി തറയില്‍ കിടന്നിരുന്നത്. തണുത്തുറഞ്ഞ തറയില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന കുട്ടി വിറയ്ക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു – ചൈല്‍ഡ് ലൈനിന്റെ പ്രത്യേക പദ്ധതിയായ സുരക്ഷയുടെ പ്രോഗ്രാം മാനേജര്‍ സത്യ പ്രകാശ് വ്യക്തമാക്കി.
ഉടന്‍ തന്നെ പൊലീസിലും ജില്ലാ ഭരണകൂടത്തിലും വിവരം അറിയിച്ച ശേഷം കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ ആദ്യം ഫെല്‍ട്ടര്‍ ഹോമിലും, പിന്നീട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുടമയ്‌ക്കെതിരെ കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുമെന്നു അധികൃതര്‍ അറിയിച്ചു.

Top