ബുറേവി ചുഴലിക്കാറ്റ്: തലസ്ഥാനത്ത് കനത്ത ജാഗ്രത; നെയ്യാറ്റിന്‍കര മേഖലയെ ബാധിക്കും

ബുറേവി ചുഴലിക്കാറ്റ് കേരളത്തെ തെക്കന്‍ പ്രദേശത്തെ ശക്തമായി ബാധിക്കും. വെളളിയാഴ്ച രാവിലെയോടെയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുക. ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍ തിരുവനന്തപുരവും അകപ്പെട്ടിട്ടുണ്ട്. ജില്ലയുടെ തെക്കന്‍ ഭാഗങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും.

തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലുമാണ് പ്രധാനമായും ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറേവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്‌നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിദ്ധ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന ബുറേവി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കന്‍ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ ശ്രീലങ്കയില്‍ പ്രവേശിക്കുന്ന കാറ്റ് തുടര്‍ന്നും വടക്ക് – പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് വെളളിയാഴ്ച പുലര്‍ച്ചെയോടെയാവും തമിഴ്‌നാട് തീരത്ത് എത്തുക.

തമിഴ്‌നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുമ്പോള്‍ മുതല്‍ തെക്കന്‍ കേരളത്തില്‍ അതിന്റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുളള ജില്ലകളില്‍ വ്യാപകമായും തിരുവനന്തപുരം അടക്കമുളള ജില്ലകളില്‍ അതിതീവ്രമഴയ്ക്കും സാദ്ധ്യതയുണ്ട്. തിരുവനന്തപുരത്ത് 48 വില്ലേജുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. തീരദേശവാസികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്. എല്ലാവരും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികള്‍ വിശ്വസിക്കുകയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ ബോട്ട്, വളളം, വല എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. സുരക്ഷിതമായ മേല്‍ക്കൂരയില്ലാത്തവര്‍ അവിടം വിട്ടു മാറണം. മൊബൈല്‍ഫോണുകളില്‍ ചാര്‍ജ് ഉറപ്പാക്കണെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാല്‍ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങള്‍ ഉണ്ടായാല്‍ 1077 നമ്പറില്‍ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top