തലസ്ഥാന നഗരമധ്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധന്റെ മൃതദേഹം; മൃതദേഹത്തിന് സമീപം കണ്ടെടുത്ത ചെരുപ്പുകള്‍ ആരുടെ?

തിരുവനന്തപുരം:തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കൊല്ലം സ്വദേശി അഹമ്മദ് ഷെറീഫ് (68) ന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ജോഡി ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെരിപ്പ് ഇദ്ദേഹത്തിന്റെതല്ലെന്നാണ് ഇദ്ദേഹവുമായി പരിചയമുള്ളവര്‍ പോലീസിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നാണ് പ്രതികരണം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.സുരേഷ്കുമാര്‍, എസ്‌ഐമാരായ ശിവകുമാര്‍, അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. ഭാര്യയും മക്കളുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം. കംഫര്‍ട്ട് ട്രാവല്‍സ്, ഏഷ്യന്‍ ട്രാവല്‍സ് എന്നിവിടങ്ങളിലെ സഹായിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ട്രാവല്‍സിന് സമീപത്തെ ഒരു കെട്ടിടത്തിലാണ് സുഹൃത്തുക്കളോടൊപ്പം ഇദ്ദേഹം കഴിഞ്ഞ് വന്നിരുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് ഇദ്ദേഹത്തെ കണ്ടുവെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. ആരോ കാശ് നല്‍കാനുണ്ടെന്നും കാശ് വാങ്ങി വരാമെന്ന് സമീപവാസികളോട് പറഞ്ഞതായും സമീപവാസികള്‍ പോലീസില്‍ മൊഴി നല്‍കി.
കൗണ്‍സിലര്‍ പാളയം രാജന്‍, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പട്ടം ശശിധരന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മരണകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പട്ടം ശശിധരന്‍ ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയില്‍ വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് നഗരവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Top