
കൊച്ചി:വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ജോമാന്‍ പത്രോസിനെ ചവറ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അപകടത്തിന് പിന്നാലെ ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് എസ്പി ആര്‍ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയത് കൊണ്ട് ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അപകടം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍.
അപകട ശേഷം അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോന്‍ മുങ്ങിയത്. കൈയ്ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാള്‍ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ട്.
വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ കരിമ്പട്ടികയിലാണ് അപകടത്തില്‍പ്പെട്ട ലൂമിനസ് ബസ്.
ടൂര്‍ പാക്കേജുകള്‍ നല്‍കുന്ന ഏജന്‍സികള്‍ക്ക് വേണ്ടിയാണ് ലൂമിനസ് പ്രധാനമായും ഓടുന്നത്. കൂടുതലും സ്‌കൂള്‍, കോളേജ് ഓട്ടങ്ങള്‍. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണ് നിയമ വിരുദ്ധമായി ലൈറ്റുകള്‍ വച്ച് പിടിപ്പിച്ചത്. അപകടം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ലൂമിനസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യപ്പെട്ടു.വടക്കഞ്ചേരി അപകടം; ഡ്രൈവര്‍ പിടിയില്‍