
സ്വന്തം ലേഖകൻ
കോട്ടയം: കുറ്റിയാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസുമായി യുവാവ് കുമരകത്ത് പൊലീസ് പിടിയിൽ. ലോക്ഡൗണിന്റെ ഭാഗമായി ഇന്ന് രാവിലെ പൊലീസ് കവണാറ്റിൻകരയിൽ നടത്തിയ പരിശോധനയിലാണ് ബസും മോഷ്ടാവും കുടുങ്ങിയത്.
ബസ് മോഷണത്തിൽ കൊയിലാണ്ടി ചെറുകൊല്ലി മിത്തൽ ബിനൂപിനെ(30) പൊലീസ് പിടികൂടി.രണ്ട് ദിവസം മുമ്പാണ് തൊട്ടിൽപാലം കൂടൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എൽ 18 ക്യു 1107 നമ്പർ ബസ് കുറ്റിയാടി സ്റ്റാന്റിൽ പാർക്ക് ചെയ്തത്.
തുടർന്ന് ഇന്ന് രാവിലെ പത്തരയോടെ ബസ് മാനേജറെ കുമരകം പൊലീസ് വിവരം അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയത് മാനേജർ പോലും അറിയുന്നത്. തുടർന്ന് ഇവർ കുറ്റിയാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ മൂന്ന് ജില്ലകൾ കടന്നെത്തിയ ബസ് റാന്നിയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ കയറ്റാൻ പോകുകയാണെന്നാണ് പറഞ്ഞത്. എന്നാൽ യുവാവിന്റെ മറുപടിയിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ മോഷ്ടിച്ച് കൊണ്ടുവരുകയാണെന്ന് മനസ്സിലായി.
കുമരകം ഇൻസ്‌പെക്ടർ വി.സജികുമാർ, എസ് ഐ.എസ് സരേഷ്, സി പി ഒ മാരായ അനീഷ്, ബാഷ് എന്നിവർ ചേർന്നാണ് ബസ്സ് പിടികൂടിയത്.നേരത്തെ ബാറ്ററി മോഷണമടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ ബിനൂപ്. പ്രതിയെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിയാടി പൊലീസിന് കൈമാറും.