54ാം വയസില്‍ യുവാവിനെ കൊന്നയാള്‍ അറസ്റ്റിലായത് 81ാം വയസില്‍

മലപ്പുറം: 1991ല്‍ 28 വയസുകാരന്‍ മുരളിയെ കൊലപ്പെടുത്തിയ സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍ അറസ്റ്റിലാകുന്നത് 81ാം വയസില്‍. അന്ന് മുരളിയെ കൊലപ്പെടുത്തിയപ്പോള്‍ കുട്ടിയച്ചന് 54 വയസാണ് ഉണ്ടായിരുന്നത്. അന്ന് കൊലപ്പെടുത്തിയ ശേഷം കുട്ടിയച്ചന്‍ ഒളിവില്‍ പോകുകയായിരുന്നു. ഈയടുത്ത് മംഗലാപുരത്ത് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് പോലീസ് പിടിലായപ്പോഴാണ് കൊലപാതകത്തിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവന്നത്.
പൂക്കോട്ടൂര്‍ മൈലാടിയിലെ ക്വാറിയില്‍ മുരളി വഴി ജോലി നേടിയ കുട്ടിയച്ചനും മുരളിയുമായി തുച്ഛമായ സംഖ്യയുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വഴക്കുണ്ടാവുകയും തുടര്‍ന്ന് ക്വാറിക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നില്‍ ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയ കുട്ടിയച്ചന്‍ പല പേരുകളിലായി കര്‍ണാടകയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞു.
ഈയിടെ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയുടെ ഉടമസ്ഥന്‍ മുറി ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, ക്വാറിയില്‍ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബുണ്ടാക്കി ഇയാള്‍ വീടിനുള്ളിലേക്ക് എറിഞ്ഞു. സ്‌ഫോടനത്തില്‍ വീട്ടുടമയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റതോടെ മംഗലാപുരം പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പണ്ട് നടത്തിയ കൊലയെക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Latest
Widgets Magazine