കുറ്റകൃത്യങ്ങളിൽ കേരളവും മുന്നിൽത്തന്നെ…!! ഒന്നാം സ്ഥാനം യുപിക്കും നാലാംസ്ഥാനം കേരളത്തിനും; റിപ്പോർട്ട് പുറത്ത്

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് ചർച്ചയാകുന്നു. ഇതുവരെയില്ലാത്ത ചില മാറ്റങ്ങളോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2017 ലെ കണക്കുകള്‍ പ്രകാരമാണിത്.

മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യു പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിന് നാലാം സ്ഥാനവും ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവുമാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരങ്ങള്‍ ഉള്‍പെടുത്താതെയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സ്വാധീനമുള്ള ആളുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, ഖാപ് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, മതവിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് തിങ്കളാഴ്ച പുറത്തുവിട്ട  എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ ഉള്‍പെടാതെ പോയത്. 2017ലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018ല്‍ പുറത്തിവിടേണ്ടിയിരുന്ന വിവരങ്ങള്‍ ഒരുവര്‍ഷം താമസിച്ചതിന് ശേഷമാണ് ഇപ്പോള്‍ പുറത്തുവന്നത്.

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുമ്പ് പുറത്തുവന്നത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. അതിനാൽ  തൊട്ടുമുമ്പത്തെ റിപ്പോര്‍ട്ടിലെ രീതിയെയാണ് ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങളിലും എന്‍.സി.ആര്‍.ബി അവംലംബിക്കുന്നത്. കൂടാതെ സൈബര്‍ കുറ്റങ്ങള്‍, രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നീ രണ്ട് കാറ്റഗറികള്‍ കൂടി പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

മുന്‍ എന്‍.സി.ആര്‍.ബി ഡയറക്ടര്‍ ഇഷ് കുമാറിന്റെ നേതൃത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നു. പരിശോധനകള്‍ നടത്തിയ കണക്കുകള്‍ തയ്യാറാക്കിയിരുന്നതുമാണ്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2015-16 സമയത്ത് രാജ്യത്തെമ്പാടും ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് കേന്ദ്രത്തിനെ സഹായിക്കുന്നതിനായി ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത്. കാലിക്കടത്ത്, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മതസംബന്ധിയായ വിഷയങ്ങള്‍ എന്നീകാരണങ്ങളാലാണ് രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്. ഈ പ്രവണതയെ ഫലപ്രദമായി നേരിടുക എന്നതായിരുന്നു കണക്കെടുപ്പിന്റെ ഉദ്ദേശം. എന്നാല്‍ ഇവയുടെ കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടിലില്ല.

2016നെ അപേക്ഷിച്ച് 2017ല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 30 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വര്‍ധനവ്. 2016ല്‍ 6,986 കേസുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2017 ല്‍ അത് 9,013 ആയി വര്‍ധിച്ചു. ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍. ഹരിയാണയില്‍ 2,576 ഉത്തര്‍പ്രദേശില്‍ 2,055. പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള കേസുകളാണ് ഇവയിലധികവും.

എന്നാല്‍ രാജ്യദ്രോഹ കുറ്റം ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം അസ്സം ആണ്. 19 കേസുകളാണ് ഇീ വിഭാഗത്തില്‍ അസ്സമിലുള്ളത്. 13 കേസുകളുമായി ഹരിയാണയും രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം സംഘര്‍ഷഭരിതമായ ജമ്മു കശ്മീരില്‍ വെറും ഒരു കേസ് മാത്രമാണ് 2016 ല്‍ രാജ്യദ്രോഹ കുറ്റത്തിന് എടുത്തിട്ടുള്ളത്. ഛത്തീസ്ഗഡ്, അസ്സം ഒഴികെയുള്ള മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെവിടെയും രാജ്യദ്രോഹകുറ്റം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. യു പിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. 2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിലാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും.ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.

Top