സ്ത്രീകളോടൊപ്പം വിവസ്ത്രരാക്കി നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍; ഫോണിലൂടെ പരിചയപ്പെടുന്നവരെയാണ് ചതിയില്‍പ്പെടുത്തുന്നത്

ഫോണ്‍ വഴി പരിചയപ്പെടുന്നവരെ ചതിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘം ആറസ്റ്റില്‍. പരിചയപ്പെടുന്നവരെ തന്ത്രപൂര്‍വ്വം വിജനമായ സ്ഥലത്തെത്തിച്ച് വിവസ്ത്രരാക്കി സ്ത്രീയോടൊപ്പം നിര്‍ത്തി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘത്തെയാണ് പെരിന്തല്‍മണ്ണയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍(24), പയംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുള്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര്‍പള്ളിയാലില്‍ യാസിര്‍(24), പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശിനി പിച്ചന്മഠത്തില്‍ റയ(26) എന്നിവരെയാണ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളില്‍നിന്നുമായി അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 23ന് വടക്കാങ്ങര സ്വദേശിയായ യുവാവിനെ കോഴിഫാമില്‍ പങ്കാളിയാക്കാമെന്നും ഫാം കാണിച്ചുതരാമെന്നും പറഞ്ഞ് ചെറുകരയിലുള്ള സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ച് കാറും റാഡോവാച്ചും കവര്‍ന്നു. കൂടാതെ പെരിന്തല്‍മണ്ണയില്‍നിന്ന് മുദ്രപ്പത്രം വാങ്ങി അതില്‍ ഒപ്പുവപ്പിച്ചു. തുടര്‍ന്ന് ആറുലക്ഷം രൂപ തന്നില്ലെങ്കില്‍ മൊബൈല്‍ ഫോണിലെടുത്ത ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് പെരിന്തല്‍മണ്ണ പൊലീസില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

റയയുടെ മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെടുന്നയാളുകളെ ബിസിനസ്സില്‍ പണമിറക്കി പങ്കാളിയാക്കാമെന്ന് പറയും. കൂടാതെ വില്‍പ്പനയ്ക്ക് സ്ഥലമുണ്ടെന്നും അതുകാണിച്ചുതരാമെന്നും പറഞ്ഞ് അലിഗഢ് കേന്ദ്രത്തിനടുത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരും. മുന്‍കൂട്ടി തയ്യാറായിനില്‍ക്കുന്ന സംഘത്തിലെ മറ്റുള്ളവര്‍ നാട്ടുകാരെന്ന വ്യാജേന അതേസമയത്ത് ഇവിടെയെത്തും.

റയയുടെ കൂടെ വിവസ്ത്രരാക്കി നിര്‍ത്തി മൊബൈല്‍ഫോണില്‍ ചിത്രവും വീഡിയോയുമെടുക്കും. തുടര്‍ന്ന് ഇവ പൊതുമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. വഴങ്ങാത്തവരെ മര്‍ദ്ദിച്ച് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കും. ഇവരുടെ മൊബൈലും സിംകാര്‍ഡും വാങ്ങിയശേഷമാണ് വിട്ടയക്കുകയെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ ഇത്തരത്തില്‍ ഒട്ടേറെയാളുകളുടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പലരില്‍നിന്നായി അഞ്ചുലക്ഷത്തോളം രൂപയും ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്. മാനക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തത് പ്രതികള്‍ക്ക് കൂടുതല്‍ സഹായകമാവുന്നതായി പൊലീസ് പറയുന്നു. എ.എസ്പി. സുജിത്ദാസ്, ഡിവൈ.എസ്പി. സുരേഷ്‌കുമാര്‍, സിഐ സാജു കെ.അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top