പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി ബലാത്സംഗം; തൃശ്ശൂരില്‍ പിടിയിലായത് പത്ത് യുവാക്കളുടെ സംഘം

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പിടികൂടി. പത്ത് യുവാക്കളടങ്ങുന്ന സംഘത്തെയാണ് തൃശ്ശൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചമ്ബുക്കാവ് പടപ്പറമ്ബില്‍ സോണി (23), മുക്കാട്ടുകര പൂവ്വന്‍പറമ്ബില്‍ അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അഖില്‍കുമാര്‍ (19), മുളയം പൊഴിയില്‍ ജേറോം ജോണ്‍ (18), ഒല്ലൂര്‍ പടവരാട് അക്കരപ്പുറം വീട്ടില്‍ നെയ്‌സണ്‍ (26), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അനൂപ്കുമാര്‍ (26), എടക്കളത്തൂര്‍ പോന്നോര്‍ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടില്‍ റിനൂസ് (22), ചേര്‍പ്പ് കരിപ്പേരി വീട്ടില്‍ സനു (22), നല്ലെങ്കര കേളംപറമ്ബില്‍ ആശേഷ് (18) എന്നിവരാണ് അറസ്റ്റിലായത്.

കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി. പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

പോലീസ് പറയുന്നതിങ്ങനെ: തൃശ്ശൂര്‍ ടൗണില്‍ തന്നെ പലയിടങ്ങളിലായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ പ്രതികള്‍. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും എത്തി പെണ്‍കുട്ടികളെ വലവീശി പിടിക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് അടുത്ത് കഴിയുമ്പോള്‍ പലയിടങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യും.
സംഘത്തിന്റെ പിടിയില്‍ എത്ര പെണ്‍കുട്ടികള്‍ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Top