മസാജ് ചെയ്യാനറിയാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശവനിതയെ ഹൗസ് ബോട്ടിലെത്തിച്ച് പീഡിപ്പിച്ച ചേര്‍ത്തല സ്വദേശി അറസ്റ്റില്‍  

 

ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്.  മസാജ് സെന്റര്‍ അന്വേഷിച്ച് നടന്ന യുവതിയെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് ഹൗസ് ബോട്ടില്‍ കൊണ്ടുപോകുകയും മസാജ് ചെയ്യുകയാണെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.  മസാജ് ചെയ്യുന്നതിനിടെ യുവാവ് അപമര്യാദയായി പെരുമാറിയതോടെ യുവതി എതിര്‍ക്കുകയും ഉടന്‍ തന്നെ വെളിയില്‍ വന്നു റിസോട്ടില്‍ വിവരം ധരിപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടര്‍ക്ക് വിളിവരികയുമായിരുന്നു.  കളക്ടര്‍ ടി.വി.അനുപമ ഉടന്‍തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. അവര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഹൗസ്‌ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.  ഇവരെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിയാണ് യുവതി കേരളത്തിലെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top