നിരക്ക് വർധന പോര; 16 മുതൽ സ്വകാര്യ ബസ് സമരം

കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല.
മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയായി വർധിപ്പിച്ചത് നാമമാത്രമാണെന്ന നിലപാടിലാണ് ബസുടമകൾ. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാതെ ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. എന്നാൽ സർക്കാർ വിദ്യാർഥികളുടെ നിരക്കിൽ .78 ശതമാനത്തിന്‍റെ വർധനവ് മാത്രമാണ് വരുത്തിയത്. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർഥികളാണ് യാത്ര ചെയ്യുന്നത് ഈ സാഹചര്യത്തിൽ എങ്ങനെ വ്യവസായം മുന്നോട്ടുകൊണ്ടുപോകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.
സർക്കാർ നിരക്ക് ഉയർത്തും വരെ വിദ്യാർഥികൾക്ക് കണ്‍സഷൻ അനുവദിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരമാണ് നിരക്ക് വർധിപ്പിച്ചതെന്ന സർക്കാർ വാദം പൊള്ളയാണ്. വിദ്യാർഥികളുടെ നിരക്കിൽ 25 ശതമാനം വർധനവാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ സർക്കാർ ഈ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബസുടമകൾ പറഞ്ഞു.
നിരക്ക് വർധന മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യമെന്നും ബസുടമകൾ ഓർമിപ്പിച്ചു. വർധിപ്പിച്ച റോഡ് ടാക്സ് കുറയ്ക്കുക, 140 കിലോമീറ്ററായി സ്വകാര്യ ബസ് സർവീസ് നിജപ്പെടുത്തുന്നത് ഒഴിവാക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണ് ചെയ്തത്. പന്പിൽ കൊടുക്കാനുള്ള പണം പോലും കിട്ടാതെ സംസ്ഥാനത്തെ പല സർവീസുകളും നിർത്തിയ സാഹചര്യം നിലനിൽക്കുകയാണെന്നും സമരവുമായി മുന്നോട്ടുപോകാതെ മറ്റ് മാർഗമില്ലെന്നും ബസുടമകൾ പ്രഖ്യാപിച്ചു.

Top