കണ്ണൂർ :കണ്ണൂർ കോർപ്പറേഷന്റെ അടുത്ത മേയർ മുസ്ലീം ലീഗിലെ സി സീനത്ത് ആകുമെന്ന് സൂചന . കഴിഞ്ഞ തവണ കണ്ണൂർ നഗരസഭയായിരുന്നപ്പോൾ കോൺഗ്രസും മുസ്ലിം ലീഗുമായുള്ള ധാരണപ്രകാരം കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ സ്ഥാനം ലീഗിന് അവകാശപ്പെട്ടതായിരുന്നു. വനിതാസംവരണമായതിനാൽ മുസ്ലിം ലീഗിൽ പുതിയ ചെയർപേഴ്സണെക്കുറിച്ച് ചർച്ച വന്നു.
16 അംഗ ജില്ലാകമ്മിറ്റിയിൽ രണ്ടു പേരുകളാണ് ഉയർന്നുവന്നത്. റോഷ്നി ഖാലിദിന്റെയും സി സീനത്തിന്റെയും. തർക്കമുയർന്നതോടെ വോട്ടെടുപ്പു നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 16 അംഗ കോർകമ്മിറ്റിയിൽ രണ്ടുപേർക്കും എട്ടു വീതം വോട്ടുകൾ ലഭിച്ചു. ഒടുവിൽ സമവായത്തിന്റെ അടിസ്ഥാനത്തിൽ റോഷ്നി ഖാലിദിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട നഗരമാതാവിന്റെ പദവിയാണ് വർഷങ്ങൾക്കുശേഷം സീനത്തിലേക്ക് എത്തുന്നത്.
കസാനക്കോട്ട ഡിവിഷൻ അംഗമായ സീനത്ത് തുടർച്ചയായി 20 വർഷമായി നഗരസഭയിലും കോർപറേഷനിലുമായുണ്ട്. 2000 ലാണ് ആദ്യതെരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 മുതൽ 2010 വരെയും 2015 മുതൽ 2020 വരെയും ജനറൽ സീറ്റായ കാസാനക്കോട്ടയിൽനിന്ന് വിജയിച്ചു. കോർപറേഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുകയും ചെയ്തു. ഭർത്താവ് സത്താറിനോടൊപ്പം 20 വർഷത്തെ പ്രവാസജീവിതം മതിയാക്കി 2000 ലാണ് നാട്ടിലെത്തിയത്. തുടർന്ന് പൊതുപ്രവർത്തനത്തിൽ സജീവമാകുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കാൻ മാസങ്ങളേ ബാക്കിയുള്ളൂവെന്നത് കാര്യമാക്കുന്നില്ലെന്ന് സീനത്ത് പറയുന്നു.
മുൻ മേയർമാർ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒരുപാട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും. മൂന്നുമാസംകൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ളതു നൽകുമെന്നും അവർ കൂട്ടിചേർത്തു. കഴിഞ്ഞ നഗരസഭയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കോർപറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീനിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും കൂട്ടായുണ്ട്. 17 വർഷം വനിതാലീഗ് കണ്ണൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷമായി വനിതാ ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്നു. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ ഇന്നലെ രാജിവച്ചതോടെയാണ് മേയർ സ്ഥാനത്തേക്ക് മുസ്ലിം ലീഗിന് വഴിയൊരുങ്ങുന്നത്. എട്ടു മാസവും ഒൻപത് ദിവസവുമാണ് സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനത്തുണ്ടായിരുന്നത്. ആദ്യ മേയറായിരുന്ന സിപിഎമ്മിലെ ഇ പി ലത അവിശ്വാസത്തിലൂടെ പുറത്താകുകയായിരുന്നു.
പല തവണ ചുണ്ടിനും കപ്പിനുമിടയിൽ കണ്ണൂരിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള അവസരങ്ങൾ നഷ്ടമായ മുസ്ലിം ലീഗിലെ സീനിയർ വനിതാ നേതാവ് സി സീനത്തിനെ ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരം തേടിയെത്തി. കാലാവധി അവസാനിക്കാൻ നാലു മാസം മാത്രം ബാക്കിനിൽക്കെ കണ്ണൂർ കോർപ്പറേഷന്റെ മൂന്നാമത്തെ മേയറാകാനുള്ള അവസരമാണ് മുസ്ലിം ലീഗിലെ സി സീനത്തിന് ഇപ്പോൾ കൈവന്നിരിക്കുന്നത്.