കുടിയേറിയ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം..!! മുസ്ലീങ്ങൾ മാത്രം പുറത്ത്; മതം നിർണ്ണയിക്കുന്ന ദേശീയത

കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും ശക്തമായ നീക്കമാണ് പൗരത്വ ബില്ല്.  മോദി സർക്കാർ വളരെ പണിപ്പെട്ടാണ് ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിൻ്റെ ആദ്യ പടി എന്ന നിലയിൽ  പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. ബില്ല് നിയമമാകുന്നതോടെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കും. ബില്ലിന്റെ പ്രാധാന്യം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ബിജെപി എംപിമാരെ ഉദ്ബോധിപ്പിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിയമനിര്‍മ്മാണം പോലെ പ്രാധാന്യമുള്ളതാണ് പൌരത്വ ബില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി ബില്ലിന് ഏറെ പ്രാധാന്യമുണ്ടെന്ന് രാജ്‌നാഥ് പറഞ്ഞു.

കുടിയേറിയ മുസ്ലീങ്ങളല്ലാത്ത ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയ്ന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്കാണ് രാജ്യത്ത് പൗരത്വം നല്‍കുക. നിയമവിരുദ്ധമായി രാജ്യത്ത് ഒട്ടേറെ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മുസ്ലിങ്ങളല്ലാത്തവരുടെ താമസം നിയമപരമാക്കുകയാണ് ലക്ഷ്യം. ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതോടെ നിയമമായി മാറും. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന വേളയില്‍ എല്ലാ ബിജെപി എംപിമാരും സഭയില്‍ ഹാജരുണ്ടാകണം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിനെതിരെ ഉയർന്നേക്കാവുന്ന എതിർപ്പുകളെ മറികടക്കാനും ബില്ല് സുഗമമമായി പാസാക്കി എടുക്കുന്നതിനുമാണ് എംപിമാരുടെ സാന്നിധ്യം അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യം തകര്‍ക്കുന്നതാണ് ബില്ല് എന്ന് പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടുണ്ട്. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നത് മതനിരപേക്ഷത തകര്‍ക്കുമെന്നും അവര്‍ പറയുന്നു. അയല്‍പക്കത്തെ മൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ച് വരുന്ന മുസ്ലീങ്ങൾ ഒഴികെയുള്ള ജനങ്ങൾക്കാണ് പൗരത്വ ഭേദഗതി ബില്ല് നേട്ടമാകുക. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ മുസ്ലിങ്ങളല്ലാത്തവര്‍ നേരിടുന്ന പീഡനം ഇല്ലാതാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇതിനിടെ, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു.  ‘ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയം ഈ ബില്ലില്‍ ലംഘിക്കപ്പെടുന്നു. മതം ഒരു ജനതയെ നിര്‍ണയിക്കണമെന്ന് വിശ്വസിക്കുന്നവര്‍, അതായിരുന്നു പാകിസ്താന്‍ വാദികളുടെ ആശയം. മതത്തിന് ദേശീയത നിര്‍ണയിക്കാന്‍ കഴിയില്ലെന്നും നമ്മുടേത് എല്ലാവര്‍ക്കുമുള്ള രാജ്യമാണെന്നും മഹാത്മ ഗാന്ധി, നെഹ്‌റുജി, മൗലാന ആസാദ്, ഡോ.അംബേദ്കര്‍ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്. മതത്തിനപ്പുറത്ത് എല്ലാവര്‍ക്കും നമ്മുടെ രാജ്യത്ത് തുല്യ അവകാശങ്ങളുണ്ട്. ആ അടിസ്ഥാന തത്വത്തെയാണ് ഇന്ന് ഈ ബില്‍ ലംഘിക്കുന്നത്’. ശശി തരൂര്‍ പറഞ്ഞു.

രാജ്യത്തെ മുസ്ലീങ്ങളെ രണ്ടാം കിട പൌരന്മാരായി കാണുന്ന നടപടിയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ആക്രമണങ്ങളിലും മുസ്ലീം വിരുദ്ധമായ കോടതി വിധികളിലും ഉള്ള് പുകയുന്ന മുസ്ലീം സമുദായത്തെ വീണ്ടും മുറിവേൽപ്പിക്കുന്നതാണ് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കാൻ തീരുമാനമെടുക്കുന്ന പൌരത്വ ബില്ലെന്നതിൽ തർക്കമില്ല. മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ച് കേന്ദ്രസർക്കാർ പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും ആത്മാഭിമാനത്തോടെ കഴിയാൻ അനുവദിക്കാത്ത തരത്തിൽ സാമൂഹിക സമ്മർദ്ദം ഏൽപ്പിക്കാനുമാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നുമുള്ള വിമർശങ്ങളും ഉയരുന്നുണ്ട്. ഒരു മതേതര രാജ്യത്തിന് ഒരിക്കലും ചേരാത്ത മതവിദ്വേഷം നിറഞ്ഞ കേന്ദ്ര സർക്കാരിൻ്റെ പൌരത്വ ബില്ലിനെ സമൂഹം ഏത് രീതിയിലാകും സ്വാഗതം ചെയ്യുന്നതെന്നാണ് സാമൂഹ്യ നിരീക്ഷകർ ശ്രദ്ധിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ബിൽ അസമിലെ 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. അസം പൗരത്വ റജിസ്റ്ററിൽ നിന്നു 10 ലക്ഷം മുസ്‌ലിം സമുദായാംഗങ്ങളാണ് പുറത്തായത്. റജിസ്റ്ററിൽ നിന്നും ആകെ പുറത്തായതു 40.7 ലക്ഷം പേരാണ്. ഇതിൽ 28 ലക്ഷം പേരും ഹിന്ദുക്കളായിരുന്നു, 10 ലക്ഷം മാത്രമാണ് പുറത്തായ മുസ്‌ലിംകൾ, ബാക്കി മറ്റു വിഭാഗക്കാരും ഉമ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരായി അധികവും രാജ്യത്തുള്ളത് ഹിന്ദുക്കളും മറ്റു മതവിഭാഗക്കാരുമാണെന്ന തിരിച്ചറിവ് അപ്പോഴാണ് ബിജെപിക്ക് ഉണ്ടായത്. പുതിയ നിയമ ഭേദഗതിയനുസരിച്ച് കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ‌ജെയിൻ, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു പൗരത്വം ലഭിക്കും. മു‌‌സ്‌ലിംകളെ മാത്രം ഒഴിവാക്കുകയും ചെയ്യും.

Top