തിരുവനന്തപുരം:എസ് എ പി ക്യാമ്പിൽ നിന്ന് കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പൊലീസ്. ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്റെ ശ്രമം.എസ്എപി ക്യാമ്പിൽ നിന്നും 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ ഇവ ക്യാമ്പിൽ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പൊലീസിന്റെ തോക്കും തിരകളും കാണാതായതും പർച്ചേസ് മാന്വൽ ലംഘിച്ചതും കോടികൾ വകമാറ്റി വില്ല നിർമ്മിച്ചതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സി.എ.ജി കണ്ടെത്തിയത് പ്രതിസന്ധിയിലാക്കിയെങ്കിലും, ലോക്‌നാഥ് ബെഹറ പൊലീസ് മേധാവി പദവി ഒഴിയുകയോ അവധിയിൽ പോവുകയോ ചെയ്യില്ലെന്ന് സൂചന.ഇന്നലെ മുഖ്യമന്ത്റിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് പൂർണ സംരക്ഷണം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അവധിയിൽ പ്രവേശിക്കാൻ ബെഹറ സന്നദ്ധനായെന്നും മുഖ്യമന്ത്റി വിലക്കിയെന്നും വിവരമുണ്ട്.
തോക്കുകൾ നഷ്ടമായിട്ടില്ലെന്നും രജിസ്റ്ററിലെ പ്രശ്‌നമാണെന്നും ബെഹറ മുഖ്യമന്ത്റിയെ ധരിപ്പിച്ചു. 2011ഫെബ്രുവരി 14ന് 25റൈഫിളുകൾ ക്യാമ്പിലേക്ക് നൽകിയെന്നും 2013 ഒക്ടോബർ 23ന് തിരിച്ചെത്തിച്ചെന്നുമുള്ള രേഖകളാണ് ഡി.ജി.പി മുഖ്യമന്ത്റിക്ക് സമർപ്പിച്ചത്. ഇക്കാര്യം രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിൽ പൊലീസുകാർക്ക് വീഴ്ചയുണ്ടായി. സി.എ.ജി റിപ്പോർട്ട് പരിശോധിക്കുന്ന നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കാൻ മുഖ്യമന്ത്റി നിർദ്ദേശിച്ചു. കമ്മിറ്റിക്ക് തോക്കുകൾ പരിശോധിക്കാനും അവസരമൊരുക്കണം. ഇപ്പോൾ പൊലീസ് മേധാവി അവധിയിൽ പോയാൽ സർക്കാരിന്റെ പ്രതിച്ഛായയെ അത് ബാധിക്കുമെന്നും മുഖ്യമന്ത്റി വിശദീകരിച്ചു. വെടിക്കോപ്പുകൾ നഷ്ടമായതിനെ പറ്റി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നു നിർദ്ദേശിച്ച മുഖ്യമന്ത്റി, മറ്റൊരു അന്വേഷണത്തിനും തയാറായില്ല. നിയമസഭാസമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരസ്യമായ പ്രതികരണം വേണ്ടെന്ന് മുഖ്യമന്ത്റി ഡി.ജി.പിയോട് നിർദ്ദേശിച്ചു. പതിനഞ്ച് മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയിൽ അഡി.ഡി.ജി.പി മനോജ് എബ്രഹാമും പങ്കെടുത്തു.
കാണാതായ ആയുധങ്ങൾ, തീവ്രവാദികളുടെ പക്കൽ എത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന് കേന്ദ്രമന്ത്റി വി. മുരളീധരനും ഡി.ജി.പിയെ മാറ്റിനിറുത്തി ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി പറഞ്ഞത്…
ഡി.ജി.പിക്കെതിരെ സി.എ.ജി ഗുരുതരമായ ആരോപണങ്ങളുന്നയിച്ചല്ലോ?
സാധാരണ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്.
സി.എ.ജിയുടെ കണ്ടെത്തലുകളിൽ എന്ത് നടപടിയെടുക്കും?
അത് ഇവിടെ പറയേണ്ട കാര്യമില്ല. പറയേണ്ട വേദികളിൽ വിശദീകരിക്കും
ഡി.ജി.പിയെയെ മാറ്റണമെന്ന് പ്രതിപക്ഷനേതാവിന്റെ കത്തുണ്ടല്ലോ?
എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല..
ഡി.ജി.പിയെ മാറ്റാൻ ആലോചനയുണ്ടോ?
(ചിരി മാത്റം)
” വ്യക്തിപരമായി പ്രതികരിക്കാനില്ല. എന്തെങ്കിലും പറയുന്നത് ചട്ടലംഘനമാവും. പറയാനുള്ളത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ പറയും”
–ലോക്‌നാഥ് ബെഹറ,
പൊലീസ്‌മേധാവി
ഇനി ഇങ്ങനെ
വി.ഡി.സതീശൻ അദ്ധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നിൽ തോക്കുകളുടെ രേഖകൾ ഹാജരാക്കും
തിരകൾ കാണാതായത് 1996 മുതലാണെന്നും അത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണെന്നും അറിയിക്കും
ബറ്റാലിയൻ ആസ്ഥാനത്ത് പി.എ.സിക്ക് തോക്കുകൾ പരിശോധിക്കാൻ അവസരമൊരുക്കാം
തൃപ്തികരമല്ലെങ്കിൽ ഡി.ജി.പിയെ വിളിച്ചുവരുത്താനും ശാസിക്കാനും കേസെടുക്കാൻ ശുപാർശ ചെയ്യാനും സമിതിക്കാവും