മുഖ്യമന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചു ;ആരോപണം ശക്തമാക്കി പ്രതിപക്ഷം.മുഖ്യമന്ത്രി പ്രൊട്ടോക്കോൾ ലംഘിച്ചിട്ടില്ല,ന്യായീകരിച്ച് ആരോഗ്യമന്ത്രി

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്-19 പ്രേട്ടോകോള്‍ ലംഘിച്ചുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ആരോപണവുമായി രംഗത്തെത്തിയിരുന്നു.‘കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്. കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്.’ എന്നാണ് വി മുരളീധരന്‍ പറഞ്ഞത്.

ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ നാല് മുതല്‍ തന്നെ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് കൊവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാക്കിയത്. മകള്‍ വീണക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷിബു ബേബി ജോണിന്റെ പ്രതികരണം :

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ ഒരു വൈറസ് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ അമരക്കാരനായി നിന്ന് പ്രതിരോധം തീര്‍ക്കേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കുകയാണ്. ഈ മാസം 8ന് കോവിഡ് സ്ഥീരികരിച്ച പിണറായി വിജയന് ചികിത്സ കാലാവധിയായ 10 ദിവസം പൂര്‍ത്തികരിക്കാതെ ഇന്ന് വീണ്ടും ടെസ്റ്റ് ചെയ്യാനും നെഗറ്റീവ് എന്ന ഫലം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിടാനും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സാധ്യമല്ല. പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ പിണറായി വിജയന്‍ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂ.
അദ്ദേഹത്തെ ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം അനുസരിച്ച് ഈ മാസം നാലാം തീയ്യതി മുതല്‍ പിണറായി വിജയന്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണെങ്കില്‍ സിനിമാ താരങ്ങളെ വിളിച്ചുകൂട്ടി റോഡ് ഷോ നടത്തിയതും, തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തിയതും അതിനു ശേഷമാണ്. വേലി തന്നെ വിളവ് തിന്നുന്ന തരത്തില്‍ നിരുത്തരവാദിത്വപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.


എത്രയെത്ര സാധാരണ ജനങ്ങളെയാണ് ഈ മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്‌ക്കരണ ആഹ്വാനം പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയത്. ഇറ്റലിക്കാരായ പ്രവാസി കുടുംബത്തില്‍ തുടങ്ങി, കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്ന നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ, കോവിഡ് ബാധിതനെന്ന് അറിയാതെ യാത്ര ചെയ്ത ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ഈ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ സമരം ചെയ്ത യുവാക്കളെയുമൊക്കെ പരസ്യമായി അവഹേളിച്ച പിണറായിക്ക് കോവിഡ് പ്രോട്ടോക്കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതികരിക്കാനാവും.

പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് തെരെഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിയിരുന്നത്. പൂന്തുറയിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന തൊഴിലാളികളെ പട്ടാളത്തെ ഇറക്കി ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയ പിണറായി വിജയന് തന്റെ മകള്‍ക്ക് രോഗം സ്ഥീരികരിച്ചപ്പോഴും സ്വയം ക്വാറന്റൈനിലിരിക്കാതെ പൊതുജനമധ്യത്തിലേക്ക് മടിയില്ലാതെ ഇറങ്ങാന്‍ കഴിഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയില്ലാത്തത് കൊണ്ടാണ്. പിണറായി വിജയന്റെ പ്രോട്ടോകോള്‍ ലംഘനം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. മുഖ്യമന്ത്രി കൊറോണ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ളത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കലാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.കൊറോണ നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദങ്ങൾ സൃഷ്ടിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

കൊറോണ സ്ഥിരീകരിച്ചതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെകെ ഷൈലജ പറഞ്ഞു.

Top