ന്യുഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭൂരിപക്ഷം നഷ്ടമായി !ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിഖ് ഭീകര ഗ്രൂപ്പുകളെ തകർക്കാൻ കാനഡ രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുമോ എന്നാണ് രാഷ്ട്രീയ ചിന്തകരുടെ ചോദ്യം . ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിഖ് ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് നിലവില്‍ കാനഡ ഭരിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടേത് . ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ഇന്ത്യ നിരന്തരം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതെ ഇരുന്ന കാനഡ സര്‍ക്കാര്‍ ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന ഭീകരന്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ ഉള്‍പ്പെടെ കാനഡയിലെ മണ്ണില്‍ വച്ച് കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയുമായി ഉടക്കിയിരുന്നത്.
കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സംഘങ്ങള്‍ ആണെന്നാണ് കാനഡ സര്‍ക്കാര്‍ ആരോപിക്കുന്നത്. സിഖ് വിഘടനവാദി നേതാവ് കൊല്ലപ്പെട്ടതോടെ കാനഡയും ഇന്ത്യയും പരസ്പരം നയതന്ത്രജ്ഞരെ പുറത്തിക്കുന്ന സാഹചര്യവും ഉണ്ടായി. ഇത് നയതന്ത്ര മേഖലയില്‍ മാത്രമല്ല വ്യാപാര മേഖലയിലും പ്രത്യാഘാതം ഉണ്ടാക്കുന്നതായിരുന്നു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കടുത്ത ഇന്ത്യാ വിരുദ്ധനായാണ് വിലയിരുത്തപ്പെടുന്നത്. ഈ ട്രൂഡോ സര്‍ക്കാരിപ്പോള്‍ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്. സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
സെപ്തംബര്‍ 16 ന് ഒട്ടാവയില്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ നീക്കം സംഭവിച്ചിരിക്കുന്നത്. ഇതോടെ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്.2022 മാര്‍ച്ചിലാണ് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നത്. 338 അംഗസഭയില്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ പാര്‍ട്ടിക്ക് 158 സീറ്റുണ്ട്. പിന്തുണ പിന്‍വലിച്ച എന്‍ഡിപിക്ക് 25 എംപിമാരാണുള്ളത്.
പുരോഗമനാശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണയെന്നും എന്നാല്‍ സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജഗ്മീത് സിങ് വീഡിയോ സന്ദേശത്തില്‍ ആരോപിച്ചിരിക്കുന്നത്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലക്കയറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ജഗ്മീത് സിങ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഭരണം നിലനിര്‍ത്താന്‍ പുതിയ സഖ്യത്തിനായുള്ള ശ്രമത്തിലാണ് ട്രൂഡോയുള്ളത്. 16 ന് ആരംഭിക്കുന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ യോഗത്തില്‍ പ്രതിപക്ഷം വിശ്വാസവോട്ട് തേടാന്‍ സാധ്യതയുണ്ട്. എന്‍ഡിപി പിന്തുണച്ചില്ലെങ്കില്‍ അതോടെ സര്‍ക്കാര്‍ വീഴും. അങ്ങനെയുണ്ടായാല്‍ അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പും നേരത്തെ നടത്തേണ്ടിവരും. നിലവിലെ അവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ജസ്റ്റിന്‍ ട്രൂഡോക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍.
ഇന്ത്യയും കാനഡയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയ്ക്ക് അനുകൂലമായ ഒരു സര്‍ക്കാര്‍ കാനഡയില്‍ വരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് തന്നെയാണ് ജസ്റ്റിന്‍ ട്രൂഡോയെയും ആശങ്കപ്പെടുത്തുന്നത്.
പൊതുതിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുള്ള ‘വിദേശ ഭീഷണി’യായി കാനഡ നിലവില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയെ ഇത്തരമൊരു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനുമേല്‍ അന്വേഷണം നടത്താന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുന്‍പ് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ ചൈനയെയും റഷ്യയെയുമാണ് ഈ പട്ടികയില്‍ കാനഡ ഉള്‍പ്പെടുത്തിയിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ പേര് ഇത്തരമൊരു ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം കാനഡ നടത്തിയിരുന്നത്. പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യ ഇടപെടല്‍ നടത്തുമോ എന്ന ഭയം ഇപ്പോള്‍ തന്നെ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍…