ഇപ്പോഴും ചികിത്സയിലൂടെ തോല്‍പിക്കാന്‍ കഴിയാത്ത തരം ക്യാന്‍സറുകള്‍ നിരവധിയാണ്. രോഗം നേരത്തേ കണ്ടുപടിക്കാന്‍ സാധിക്കുകയെന്നതാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക മാര്‍ഗം. എത്ര നേരത്തേ കണ്ടെത്തുന്നോ അത്രയും മികച്ച രീതിയില്‍ ചികിത്സ ഉറപ്പുവരുത്താമെന്നതാണ് ഗുണം. എന്നാല്‍ പലപ്പോഴും ക്യാന്‍സറിനെ ആദ്യഘട്ടങ്ങളില്‍ കണ്ടെത്താന്‍ കഴിയാറില്ല. ചിലവേറിയതും സങ്കീര്‍ണമായതുമായ പരിശോധനകളും പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്.
എന്നാല്‍ ഇതേ കാര്യം തന്നെ ഒട്ടും ചിലവില്ലാതെ നമ്മുടെ വീട്ടിലെ നായ്ക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞാലോ? നായ്ക്കള്‍ക്ക് ക്യാന്‍സര്‍ ബാധ കണ്ടുപിടിക്കാന്‍ കഴിയുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ കമ്പനിയില്‍ നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.
ഫ്‌ളോറിഡയില്‍ നടന്ന ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി’യുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍ നിര്‍ണ്ണമായകമായ പഠനറിപ്പോര്‍ട്ട അവതരിപ്പിച്ചത്. രക്തത്തിന്റെ ഗന്ധത്തിലൂടെയാണത്രേ നായ്ക്കള്‍ രോഗബാധ മനസിലാക്കുന്നത്. അതായത് ക്യാന്‍സര്‍ ബാധിച്ച ഒരാളുടെ രക്തം അതിന്റെ ഗന്ധം വച്ച് മാത്രം ഇത് തിരിച്ചറിയുന്നു. ഇങ്ങനെ നടത്തിയ പരീക്ഷണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നായ്ക്കളും രോഗികളുടെ രക്തം തിരിച്ചറിയുകയും തുടര്‍ന്ന് പ്രത്യേക പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്തു. മനുഷ്യനെ അപേക്ഷിച്ച് പതിനായിരം മടങ്ങ് ശക്തിയുള്ളതാണ് നായ്ക്കളുടെ ഘ്രാണശക്തി.
അത്രയും കൃത്യവുമായിരിക്കും മണം ഉപയോഗിച്ച് അവര്‍ കണ്ടെത്തുന്ന ഓരോ കാര്യങ്ങളും. ഇതേ ഘടകം തന്നെയാണ് ഈ പഠനത്തിലും ഗവേഷണം ചെയ്യപ്പെട്ടിരിക്കുന്നത്. ക്യാന്‍സര്‍ നിര്‍ണ്ണയിക്കുന്ന വിഷയത്തില്‍ 97 ശതമാനവും കൃത്യമാണ് നായ്ക്കളുടെ നിഗമനങ്ങളെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഈ ഗവേഷണം പുതിയ വഴിത്തിരിവാകുമെന്നാണ് ഇവര്‍ വാദിക്കുന്നത്. തങ്ങളുടെ കണ്ടുപിടുത്തം ക്യാന്‍സര്‍ നിര്‍ണ്ണയിക്കുന്നതിനായി പുതിയ രീതികള്‍ വികസിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താമെന്നും ഇവര്‍ പറയുന്നു.