തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ബാലഭാസ്‌കറിനും ഭാര്യയ്ക്കും നഷ്ടമായത് കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് ഇന്ന് കാറപകടത്തില്‍ വിധി തട്ടിയെടുത്ത രണ്ടുവയസുകാരി തേജസ്വി. 22ാം വയസില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയെ ഒപ്പം കൂട്ടിയത്. ഭാര്യ ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നു.
ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തിനെ പ്രോത്സാഹിപ്പിച്ച് വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്മിയുടെ തീരുമാനം. നീണ്ട പതിനാറു വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം 2016ലാണ് ഇരുവരുടേയും ഇടയിലേക്ക് കൂടുതല്‍ സന്തോഷങ്ങള്‍ പകരാന്‍ കുഞ്ഞു തേജസ്വി എത്തിയത്. ആ മാലാഖ കുഞ്ഞിനെയാണ് ഇരുവരും ലാളിച്ച് കൊതിതീരുംമുമ്പേ വിധി തട്ടിയെടുത്തത്. സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല. അവിടെയാണ് ബാലഭാസ്‌കറും കുടുംബവും ഇന്നു പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. ഇതിന് അരകിലോമീറ്ററോളം അടുത്താണ് മുമ്പ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും അപകടത്തില്‍പെട്ടത്.