കോയമ്പത്തൂര്‍ അപകടം: ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിയതാണ്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കേസ്‌; ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും

തിരുപ്പുർ:തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പാലക്കാട് എൻഫോഴ്സമെന്റ് ആർടിഒ തയ്യാറാക്കിയ റിപ്പോർട്ട് നാളെ ഗതാഗത കമ്മീഷണർക്ക് കൈമാറും. ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ടയർപൊട്ടി കണ്ടെയ്നർ ലോറി പാഞ്ഞുകയറിയതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതിനുളള സാധ്യത ആദ്യം തന്നെ മോട്ടോർ വാഹന വകുപ്പ് തളളിക്കളഞ്ഞിരുന്നു. സ്ഥലത്ത് വിശദ പരിശോധനയ്ക്ക് ശേഷമാണ് ലോറി ഡ്രൈവറുടെ കൈപ്പിഴയെന്ന നിഗമനത്തിലേക്കെത്തുന്നത്. ഇറക്കമിറങ്ങി വന്ന ലോറിയുടെ ഡ്രൈവർ ഉറക്കത്തിൽപെട്ടതോടെ, വാഹനം വലതുഭാഗത്തേക്ക് നീങ്ങുകയും തുടർന്ന് ഡിവൈഡറിലേക്ക് കയറുകയും ചെയ്തു. തുടർന്ന് ടയർപൊട്ടി കണ്ടെയ്നർ എതിർവശത്തുളള ബസിലേക്ക് ഇടിച്ചുകയറി. ഇക്കാര്യങ്ങൾ വിശദമാക്കുന്ന രൂപരേഖകൾ സഹിതമാണ് എൻഫോഴ്സ്മെന് റിപ്പോർട്ട്.

അതേസമയം കോയമ്പത്തൂര്‍ അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. അപകടത്തില്‍ 19 പേരുടെ ജീവനാണ് പൊലിഞ്ഞത്. ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

Top