ഇനി ജയിലിലേയ്ക്ക്..!! ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസര്‍ അറസ്റ്റില്‍. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് വൈകിട്ട് അഞ്ചരയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ തുടങ്ങിയ അധിക വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രമല്ല 30 ദിവസം ജയില്‍ വാസം അനുഭവിച്ചതിനു ശേഷം മാത്രമേ ശ്രീറാമിന് ജാമ്യം ലഭിക്കുകയുള്ളൂ. അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ സ്ഥിതിയ്ക്ക് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ അതേദിശയില്‍ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേര്‍ന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നതെന്നും, മദ്യലഹരിയിലായിരുന്ന ഇയാള്‍ കാര്‍ അമിത വേഗത്തിലാണ് ഓടിച്ചതെന്നും ദൃക്സാക്ഷികള്‍ രാവിലെ തന്നെ മൊഴി നല്‍കിയിരുന്നുവെങ്കിലും പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്.

തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കര്‍ശന വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് നിര്‍ബന്ധിതമായത്. വാഹനമോടിക്കമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണെന്നും യുവതി മൊഴി നല്‍കി.

Top