കൊല്ലം: കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് വിവാദമായതോടെ എസിപിക്ക് പണികിട്ടി. എസിപി വിനയകുമാര്‍ നായര്‍ക്കെതിരെ കേസെടുത്തു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച കൊല്ലത്തു നടന്ന കൊക്കൂണ്‍ സൈബര്‍ സുരക്ഷാ സെമിനാറിനിടെ എസിപി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
വിനയകുമാരന്‍ നായര്‍ക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ വകുപ്പുതല നടപടി എടുത്തിരുന്നു. എസിപി സ്ഥാനത്തു നിന്ന് ഇയാളെ നീക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ഐ.ജി മനോജ് ഏബ്രഹാം അന്വേഷിച്ച് സംഭവത്തെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നത്. ഹൈടെക് സെല്‍ എസിപിയായിരുന്നു വിനയകുമാരന്‍ നായര്‍.
സെമിനാറിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി.പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിഷയം ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.