‘അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മൂത്തേടം കല്‍ക്കുളത്താണ് മനസ് നിറയ്ക്കുന്ന ഈ കാഴ്ച. കല്‍ക്കുളം അങ്ങാടിക്കു സമീപമുള്ള വീട്ടിലാണ് പൂച്ച 2 കുട്ടികളെ പ്രസവിച്ചത്. എന്നാല്‍ 4 ദിവസം മുന്‍പ് തള്ളപ്പൂച്ച വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ചത്തുപോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളില്‍ ഒന്നിനെ കാണാതെയുമായി. ഈ സമയത്താണ് ഒരു പൂച്ചക്കുട്ടിയെ തെരുവുനായ കടിച്ചുകൊണ്ടുപോകുന്നത് ആളുകള്‍ കണ്ടത്. പൂച്ചക്കുട്ടിയെ നായ കൊന്നുവെന്നു കരുതിയ പ്രദേശവാസികള്‍ എന്നാല്‍ പിന്നീട് കണ്ടത് പൂച്ചക്കുട്ടി നായയുടെ പാല്‍ കുടിക്കുന്നതാണ്. അടുത്തിടെ പ്രസവിച്ച നായയ്ക്കും ഒരു കുട്ടിയുണ്ട്. നായ എവിടെയെങ്കിലും പോയാല്‍ പൂച്ചക്കുട്ടിക്കു കാവല്‍ നായക്കുട്ടിയാണ്.