വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിക്കുന്നതിന് എട്ട് മാസം മുന്‍പ് പുതിയ ഇന്‍ഷുറന്‍സ് പോളിസി ചേര്‍ന്നിരുന്നു. ഇതാണ് സിബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്. പോളിസിക്കൊപ്പം നല്‍കിയിരിക്കുന്നത് ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമാണെന്നതാണ് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നത്.
ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചാണ് സി.ബി.ഐ. വിശദാംശങ്ങള്‍ തേടുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ. ചോദ്യംചെയ്തു. ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നത്.
ഇന്‍ഷുറന്‍സ് പോളിസിയില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവുമാണ് നല്‍കിയിരുന്നത്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും കാരണമായത്. അതിനിടെ, അപകടത്തിന് ശേഷം ബാലഭാസ്‌കറിനെ ചികിത്സിച്ച ഡോക്ടര്‍മാരെയും സി.ബി.ഐ. ചോദ്യംചെയ്തു. ഇവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ മരണത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് അന്വേഷണം നടത്താനാണ് സി.ബി.ഐ. സംഘത്തിന്റെ തീരുമാനം.