നിയമസഭയിൽ അസാധാരണ സംഭവങ്ങൾ…!! ഗവർണറെ തടഞ്ഞ് പ്രതിപക്ഷം; വാച്ച് ആൻഡ് വാർഡുമായി ബലപ്രയോഗം

രാജ്യം കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു. കേരള നിയമസഭയിലെ അസാധാരണ സംഭവങ്ങളാണ് തുടർന്ന് അരങ്ങേറിയത്. നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണറെ നിയമസഭയിൽ അംഗങ്ങൾ തടയുന്നത്.

രാവിലെ 8.50ന് ഗവർണർ സഭാമന്ദിരത്തിലെത്തി. അവിടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവർണറെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങിൽ പങ്കെടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവർണർക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു. ഗവർണർക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വാച്ച് ആൻഡ് വാർഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു

ഗവർണർ നയപ്രഖ്യാപന സമയത്ത് നിയമസഭയിൽ എത്തിയാൽ സ്വീകരിക്കേണ്ട കൃത്യമായ പ്രോട്ടോക്കോളുണ്ട്. ഇതിന്റെയൊക്കെ ലംഘനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഭരണപക്ഷത്തെയും ഗവർണറെയും ഒരുപോലെ അമ്പരിപ്പിക്കുന്ന പ്രതിഷേധമായിരുന്നു നടന്നത്. പൗരത്വ വിഷയത്തിൽ സർക്കാരിനേക്കാൾ ഒരുപടി മുന്നിൽ നിന്നുകൊണ്ടുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് പ്രധാനപ്പെട്ട വസ്തുത. പൗരത്വനിയമ ഭേദഗതിക്കെതിരെ തുടക്കത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധം ആരംഭിച്ചെങ്കിലും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കാരണം പ്രതിപക്ഷം പിന്നീട് വിട്ടുനിൽക്കുകയായിരുന്നു. ജനുവരി 26ന് മനുഷ്യമഹാ ശൃംഖല നടത്തി എൽ.ഡി.എഫ് ചരിത്രം കുറിച്ചെങ്കിലും അതിനേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നതും രാജ്യം ശ്രദ്ധിക്കുന്നതുമായ ഒരു പ്രതിഷേധത്തിനാണ് ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത്.

നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണർക്കെതിരെ ഇങ്ങനെ ഒരു പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുൻ ഗവർണർ പി.സദാശിവം 2016ൽ നയപ്രഖ്യാപനം നടത്തുന്നതിനിടെ അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് ചെറിയ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ 2017,2018,2019 എന്നീ വർഷങ്ങളിലെ നയപ്രഖ്യാപന പ്രസംഗത്തിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ഇന്ന് നാടകീയമായ സംഭവ വികാസങ്ങളാണ് സഭയിൽ അരങ്ങേറിയത്.

Top