ന്യുഡൽഹി :ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സുപ്രീംകോടതിക്ക് മുന്‍പാകെ ഹാജരാകാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. രാജീവ് കുമാറിന് എതിരെ സി ബി ഐ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച മമതാ ബാനര്‍ജിക്ക് കോടതി വിധി കനത്ത തിരിച്ചടിയായി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, ബംഗാള്‍ സര്‍ക്കാറിന് എതിരെ രാഷ്ട്രീയ പക വീട്ടല്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് സി ബി ഐ യ്ക്കുവേണ്ടി വാദിച്ചത്. പ്രത്യേക പോലീസ് സംഘം എല്ലാ രേഖകളും സി ബി ഐ ക്ക് കൈമാറിയിട്ടില്ല എന്ന് എ ജി കോടതിയില്‍ പറഞ്ഞു. അതേസമയം രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സി ബി ഐ യോട് നിര്‍ദേശിച്ചു. ഷില്ലോങ്ങില്‍ വച്ചാകും രാജീവ് കുമാറിനെ ചോദ്യം ചെയ്യുക.പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി ജി പി, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കോടതിലക്ഷ്യ നോട്ടീസ് അയച്ചത്. ഫെബ്രുവരി 20 ന് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഇവര്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് കോടതി ഇളവ് നല്‍കിയിട്ടുണ്ട്.
രാജീവ് കുമാര്‍ ഹാജറാകണം എന്ന കോടതി നിര്‍ദേശത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ എതിര്‍പ്പ് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. വലിയ കോടതി അലക്ഷ്യമാണ് നടന്നത്. സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. തടഞ്ഞു വെച്ചു. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.