കൊച്ചി:നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിൽ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കാനാണു നിർദ്ദേശം. നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ആർഎൽവി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനും നിവേദനം നല്കിയിരുന്നു.
മണിയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മിയും രാമകൃഷ്ണനുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മണിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൽക്കാലം ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
കലാഭവൻ മണിക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കീടനാശിനി, മീതൈൽ ആൽക്കഹോൾ എന്നിവയുടെ സാന്നിധ്യം ആന്തരാവയവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും കൊലപാതക സാധ്യത തള്ളാനാവില്ലെന്നുമാണ് മണിയുടെ കുടുംബം പറയുന്നത്. എന്നാൽ ആരെങ്കിലും വിഷം നൽകിയതാണോ മരണകാരണമെന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് നിലപാട്.
മെഡിക്കൽ ബോർഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നാണു സിബിഐ നേരത്തേ ഹൈക്കോടതിയെ അറിയിച്ചത്. കലാഭവൻ മണിക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടിന് കാത്തിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്പ്രകാരം കീടനാശിനി, മീതൈൽ ആൽക്കഹോൾ എന്നിവയുടെ സാന്നിധ്യം ആന്തരാവയവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും കൊലപാതകസാധ്യത തള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മണിയുടെ സഹോദരനും ഭാര്യയും ഹർജി നല്കിയത്.
കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സിബിഐ പ്രതികരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.