മൂന്ന് മാസമായി മണിക്ക് വീടുമായി യാതൊരു ബന്ധവുമില്ല; 20 ദിവസം കിടപ്പിലായിരുന്നപ്പോള്‍ ഭാര്യയും സഹോദരനും തിരിഞ്ഞുനോക്കിയില്ല; ആരോപണവുമായി സഹായികളുടെ ബന്ധുക്കള്‍; അവസാനമായി ഫോണ്‍ വന്നത് അടിമാലിയില്‍ നിന്ന്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അഭ്യൂഹത തുടരുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നീങ്ങുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിച്ച് പറയാന്‍ പോലും പോലീസിനാകുന്നില്ല. അതേ സമയം മണിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമായി ഫോണ്‍ വന്നത് അടിമാലിയില്‍ നിന്നാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടയില്‍ പോലീസ് കസ്റ്റഡിയിലുള്ള സഹായികളുടെ ബന്ധുക്കള്‍ മണിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി.

മൂന്ന് മാസമായി മണി വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും അതിന്റെ കാരണം എന്താണെന്ന് തിരക്കണമെന്നുമാണ് കസ്റ്റഡിയിലുള്ള അരുണിന്റെ പിതാവ് അയ്യപ്പന്‍ ഒരു ചാനലിനോട് പറഞ്ഞത്. ഈ സമയത്ത് തിരിഞ്ഞു നോക്കാത്ത ആളാണ് രാമകൃഷ്ണനെന്നും അയ്യപ്പന്‍ പറഞ്ഞു. മരിക്കുന്നതിന് 20 ദിവസം മുമ്പ് മണി പാഡിയില്‍ കിടപ്പിലായിരുന്നു. ഈ ദിവസങ്ങളില്‍ മണി വീട്ടില്‍ പോയിട്ടില്ല. ഇത്രയും ദിവസം വീട്ടില്‍ ചെല്ലാതിരുന്നിട്ടും മണിയെ പാഡിയില്‍ ചെന്ന് കാണാന്‍ നിമ്മിയോ രാമകൃഷ്ണനോ തയ്യാറായിട്ടില്ല. ഇത് എന്തു കൊണ്ടാണെന്നും അയ്യപ്പന്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ ചെന്നാല്‍ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി അരുണ്‍ പറഞ്ഞിട്ടുണ്ട്. മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ അരുണ്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍ ഉള്ള മൂന്ന് പേരെ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണെന്നും അയ്യപ്പന്‍ പറഞ്ഞു. അതേസമയം വീട്ടുകാര്‍ മണിയുടെ സഹായികളെ സംശയിച്ച സാഹചര്യത്തില്‍ ഇതിനെതിരായ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ മാത്രമേ പൊലീസ് ഇതിനെ കാണുന്നുള്ളൂ.

അടുത്തകാലത്തായി കലാഭവന്‍ മണയ്ക്കി ഇടുക്കിയുമായി നല്ലബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിച്ചത്. ഇടുക്കിയില്‍ സ്ഥലം വാങ്ങാന്‍ പോലും മണി ആലോചിച്ചിരന്നു. ഇവിടെ ഒരു കുടുംബവുമായി മണിക്ക് അഗാതമായ ബന്ധമുണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം പരിശക്കല്ലു ചവറ്റുകുഴിയില്‍ രാജന്റെ മകന്‍ ഷൈലജനെ (42) പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ആശുപത്രിയിലാകും മുന്‍പ് മണിയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ഇടുക്കിയില്‍ നിന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈലജനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന.

ഇയാളുടെ കുട്ടിയുടെ ഹൃദയവാല്‍വ് സംബന്ധിച്ച ചികിത്സാ സഹായത്തിന് ഷൈലജനും കുടുംബവും ഒന്നരവര്‍ഷം മുന്‍പ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടിരുന്നു. തുടന്ന് ഇവരുടെ കുടുംബവുമായി മണി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അന്വേഷണസംഘം പറഞ്ഞു. ഒരു മാസം മുന്‍പ് ഷൈലജന്‍ മണിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച ഇയാളെത്തിരക്കി അന്വേഷണ സംഘമെത്തിയിരുന്നെങ്കിലും പിടികൊടുത്തില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയില്‍ അടിമാലി സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷൈലജനെ കസ്റ്റഡിയില്‍ എടുത്ത് പ്രത്യേക സംഘത്തിനു കൈമാറുകയായിരുന്നു.

ഷൈലജനെ മണിയുമായി ബന്ധമുള്ള ആളുകള്‍ ഒരു മാസം മുന്‍പ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഷൈലജന്റെ പേരില്‍ മറ്റുകേസുകളുമുണ്ട്. ജില്ലയില്‍ പരിശക്കല്ല് കൂടാതെ അടിമാലി, രാജാക്കാട്, ബൈസണ്‍വാലി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വിവിധയാളുകളെ നിരീക്ഷിക്കുന്നുണ്ട്. കൊരങ്ങാട്ടി, ബൈസണ്‍വാലി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഭൂമിയിടപാടിനു മണി ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മണിയുമായി ബന്ധപ്പെട്ട ഇടനിലക്കാരടക്കമുള്ളവരുടെ വിവരങ്ങളും സംഘം ശേഖരിക്കുന്നുണ്ട്. രാജാക്കാട് സ്വദേശി ഡോക്ടറും കുടുംബവും നിരന്തരം മണിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരം ലഭിച്ചു.

നേരത്തെ കലാഭവന്‍ മണിയുടെ മരണത്തിന് ഇടയാക്കിയ ക്‌ളോര്‍ പൈറിഫോസ് എന്ന കീടനാശിനി ചാലക്കുടിയിലെ കടയില്‍നിന്നും വാങ്ങിയത് ഭാര്യാ പിതാവാണെന്ന് പൊലീസിന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട. വീട്ടിലെ കൃഷി ആവശ്യങ്ങള്‍ക്കായാണ് കീടനാശിനി വാങ്ങിയത് എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള പാഡിയില്‍ എത്തിയത് എങ്ങിനെയെന്നത് അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായില്ല. അതേസമയം കീടനാശിനി വാങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും വ്യക്തമായിട്ടുണ്ട്.

കീടനാശിനിയുടെ കുപ്പിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ പാഡിയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യാപിതാവ് സുധാകരനെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മണിയുടെ മരണം കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും ഇയാളില്‍നിന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. മണിയുടെ പേരില്‍ കോടികളുടെ സമ്പാദ്യമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പലതും ബിനാമി പേരുകളിലും ഭാര്യയുടെ പേരിലും മറ്റുമായിരുന്നു. മണി മരണമടഞ്ഞാല്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടോ എന്നതും പൊലീസ് പരിശോധിച്ചിരുന്നു. മണി ഇല്ലാതായാല്‍ സ്വത്തുക്കള്‍ ഭാര്യാ പിതാവില്‍ എത്തിച്ചേരാനുള്ള സാധ്യത ഇവിടെ ഉയര്‍ന്നിരുന്നു. ഇതില്‍നിന്നാണ് സുധാകരനെ ചോദ്യം ചെയ്തതെന്നാണ് സൂചന.

കീടനാശിനി കടയില്‍നിന്ന് വാങ്ങിയത് സുധാകരന്‍ തന്നെയെങ്കിലും ഇത് കൃഷിയിടത്തില്‍ തളിച്ചത് ജോലിക്കാരായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ മണി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. രോഗത്തിന് പിടിയിലായതും സിനിമയില്‍നിന്ന് അകന്നുനിന്നതും മാനസികമായി മണിയെ ബാധിച്ചിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Top