നിപ: മരുന്നെത്തിക്കാന്‍ പ്രത്യേക വിമാനം; കേരളത്തോടൊപ്പം കൈകോര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് പിന്തുണയുമായി കേന്ദ്രം. രോഗത്തെ നേരിടുന്നതിനായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. മരുന്നുകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ വിമാന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ ബാധയുള്ളതായി സ്ഥിരീകരിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് നിപയുള്ളതായി സ്ഥിരീകരിച്ചത്. നിപ ബാധയേറ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് നിപ ബാധതന്നെന്ന് സ്ഥിരീകരണം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള ഭയപ്പാടിന്റെയും ആവശ്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളുടെ ലിസ്റ്റ് ശേഖരിച്ചു കഴിഞ്ഞു. 86 പേരുടെ പട്ടികയാണ് ശേഖരിച്ചിട്ടുള്ളത്. ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ രണ്ടുപേര്‍ക്ക് ചെറിയ പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. രോഗിയെ ആദ്യ ഘട്ടത്തില്‍ ചികിത്സിച്ച രണ്ട് നഴ്സുമാര്‍ക്ക് ചെറിയ തൊണ്ട വേദനയുള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് എല്ലാ പിന്തുണയുംവാഗ്ദ്ധാനം ചെയ്തു കഴിഞ്ഞതായും, കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വിളിച്ച് വിവരങ്ങള്‍ വിലയിരുത്തിയതായും കെ.കെ.ശൈലജ വ്യക്തമാക്കി. കഴിഞ്ഞതവണ നിപ ബാധയുണ്ടായ സമയത്ത് ആസ്ട്രേലിയയില്‍ നിന്നു കൊണ്ടുവന്ന ആന്റിബയോട്ടിക് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റോക്കുണ്ട്. ഇത് കേരളത്തിന് ലഭ്യമാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിയിട്ടുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Top