ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് പത്ത് മണിവരെ അതീവ ജാഗ്രത വേണം…!! കുട്ടികളെ ടെറസിലും തുറസായ സ്ഥലത്തും കളിക്കാൻ അനുവദിക്കരുത്

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകടകാരികളായ ഇത്തരം ഇടിമിന്നൽ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം.

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 10 വരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികൾ ഈ സമയത്തു തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും വേണം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്‌.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

പട്ടം പറത്തുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.

Top