കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ ബലാത്സംഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ ഐ.ടി. ആക്‌ട് തുടങ്ങി കുറ്റങ്ങൾ ചുമത്തും .ഏറ്റവും വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് ദിലീപിന്റെ ജാമ്യം തടയാൻ പോലീസ് തിരക്കിട്ട നീക്കം നടത്തുന്നു.ജീവപര്യന്തം തടവുശിക്ഷ ലഭിക്കത്തക്ക വിധത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്താണു ദിലീപിനെതിരേ കേസെടുത്തിരുന്നത്. കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. 90 ദിവസം സമയമുണ്ടെങ്കിലും 60 ദിവസം കൊണ്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ശ്രമം. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചുകൊണ്ട് ദിലീപിനു ജാമ്യം ലഭിക്കുന്നത് തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്.
അപ്പുണ്ണി പോലീസിനു മുന്നില്‍ ഹാജരായതോടെ ജാമ്യം ലഭിക്കാനുള്ള തീവ്രശ്രമത്തിലാണ് ദിലീപ്. പുതിയ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്‌തു. നിരവധി പേരെ ചോദ്യംചെയ്‌തും മൊഴിയെടുത്തും പഴുതടച്ചുകൊണ്ടുള്ള കുറ്റപത്രം തയാറാക്കാനാണു പോലീസിന്റെ ശ്രമം. ഗൂഢാലോചന വ്യക്‌തമാക്കാനായി തെളിവുകള്‍ കൂട്ടിയിണക്കുന്ന ദൗത്യത്തിലാണ് അവര്‍. ഏതാനും പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്.
നേരത്തേ വിചാരണക്കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസന്വേഷണം പുരോഗമിക്കുകയാണ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണു പ്രോസിക്യൂഷന്‍ നേരത്തേ ജാമ്യാപേക്ഷയെ എതിര്‍ത്തത്.