റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് 69 സീറ്റുകളിലും ബി.ജെ.പി 22 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരിക്കയാണ്.ഛത്തീസ്ഗഢില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാര്‍വാഹിയില്‍ മൂന്നാം സ്ഥാനത്താണ് അജിത് ജോഗി. മണ്ഡലത്തില്‍ ബി.ജെ.പിയാണ് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുമുണ്ട്.
ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകര്‍ത്തത് ബി.എസ്.പി നേതാവ് മായാവതി നടത്തിയ നീക്കം. കോണ്‍ഗ്രസിനേക്കാള്‍ ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയായത് മായാവതി ജനതാ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യമാണെന്നാണ് വിലയിരുത്തല്‍.
2000 മുതല്‍ 2003 വരെ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായിരുന്ന ജോഗി അവിടുത്തെ കോണ്‍ഗ്രസ് മുഖമായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് രൂപീകരിക്കുകയും മായാവതിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഛത്തീസ്ഗഢില്‍ അഞ്ചിടത്ത് ഈ സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.2003ല്‍ ബി.ജെ.പിക്ക് ഇവിടെ 39.3% വോട്ടു ഷെയറാണുണ്ടായിരുന്നത്. 2.6% വോട്ടിന്റെ കുറവില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് തൊട്ടുപിന്നിലുമുണ്ടായിരുന്നു.
2008ല്‍ ബി.ജെ.പിയുടെ വോട്ടു ഷെയര്‍ 40.33% ആയിരുന്നു. കോണ്‍ഗ്രസിന്റേത് 38.63% വും. വോട്ടു ഷെയര്‍ തമ്മിലുള്ള വ്യത്യാസം വെറും 1.7% ആയിരുന്നു.2013ല്‍ ബി.ജെ.പി 41.04% വും കോണ്‍ഗ്രസ് 40.29% വും വോട്ടു നേടി. അതായത് മാര്‍ജിന്‍ .75% ആയി കുറഞ്ഞു.
മായാവതിയും ജോഗിയും ഇടതുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ സഖ്യം കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാമ്പെയ്ന്‍ ചൂടുപിടിക്കവേ ബി.ജെ.പി ക്യാമ്പിനെ ഈ സഖ്യം വിറപ്പിച്ചിരുന്നു.ഛത്തീസ്ഗഢില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ണായക സാന്നിധ്യമാകുമെന്ന് കരുതപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിട്ട അജിത് ജനതാ കോണ്‍ഗ്രസ് രൂപീകരിച്ച് മായാവതിയുടെ ബി.എസ്.പിക്കൊപ്പമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.