തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ)യിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായ്‌ക്കെതിരെ കേസെടുത്തു. കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേരെ പ്രതിചേര്‍ത്തു. ജാസ്മിന്‍ ഷാ ആണ് ഒന്നാം പ്രതി. സംസ്ഥാന ഭാരവാഹികളാണ് മന്ന് മൂന്നു പ്രതികള്‍.
സാമ്പത്തിക തട്ടിപ്പ്, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുഎന്‍എയുടെ നേതൃത്വത്തില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക കമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി. ഇന്നെല ഉത്തരവിട്ടിരുന്നു.
നഴ്സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ ശുപാര്‍ശ ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡി.ജി.പി.ഉത്തരവിറക്കിയത്.
അതേ സമയം കേസിന്റെ ആദ്യഘട്ടത്തില്‍ ജാസ്മിന്‍ ഷാ കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ അന്വേഷണത്തിനെതിരേ ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.