പ്രവാസിയുടെ അരക്കോടി തട്ടി;അന്‍വറിനെതിരേ കേസ്‌..സി.പി.എം വീണ്ടും പ്രതിസന്ധിയിൽ

കോഴിക്കോട് :  പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ വഞ്ചനക്കുറ്റത്തിനു കേസ്‌ .കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്  പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത് .അബുദാബിയിലെ എണ്ണക്കമ്പനിയില്‍ എന്‍ജിനീയറായ മലപ്പുറം പട്ടര്‍ക്കടവ്‌ നടുത്തൊടി സലീമാണു പരാതിക്കാരന്‍.   സി.പി.എം. സംസ്‌ഥാന നേതൃത്വം കൈമലര്‍ത്തുകയും കേസെടുക്കാന്‍ പോലീസ്‌ വിസമ്മതിക്കുകയും ചെയ്‌തതോടെ കോടതിയെ സമീപിച്ചാണ്‌ സലീം നിയമവഴി വെട്ടിത്തുറന്നത്‌ എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്‌കരായയിലെ കെ.ഇ. സ്‌റ്റോണ്‍ ക്രഷര്‍ വിലയ്‌ക്കു വാങ്ങിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. സ്‌ഥാപനം വന്‍ലാഭത്തിലാണെന്നു വിശ്വസിപ്പിച്ചു. പത്തു ശതമാനം ഓഹരിയും ഓരോ മാസവും 50,000 രൂപ ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌തു. ക്രഷര്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്‌തു. 2011 ഡിസംബര്‍ 30-ന്‌ മഞ്ചേരിയില്‍ അന്‍വറിന്റെ ഓഫീസായ പി.വി.ആറില്‍വച്ച്‌ 30 ലക്ഷം രൂപ കൈമാറി. അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ടു ചെക്കുകളും നല്‍കി. 2012 ഫെബ്രുവരി 17-ന്‌ കരാര്‍ തയാറാക്കിയപ്പോള്‍ 10 ലക്ഷം രൂപ കൂടി നല്‍കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഗ്‌ദാനം ചെയ്‌തിരുന്ന ലാഭവിഹിതം കിട്ടാതിരുന്നതോടെ മംഗലാപുരത്തെ ക്രഷറില്‍ ചെന്നപ്പോള്‍ അന്‍വര്‍ എന്നൊരാളെ അറിയില്ലെന്നായിരുന്നു മറുപടിയെന്ന്‌ സലീമിന്റെ പരാതിയില്‍ പറയുന്നു. അതോടെ അന്‍വറിനെ കണ്ടു. വാങ്ങിയ പണം നഷ്‌ടപരിഹാരമടക്കം തിരിച്ചുതരാമെന്നു വാക്കുനല്‍കിയതു പാഴായി. നിലമ്പൂരില്‍ സി.പി.എം. സ്വതന്ത്ര സ്‌ഥാനാര്‍ഥിയായതോടെ, മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും പറഞ്ഞു. എം.എല്‍.എയായിട്ടും അന്‍വര്‍ പണം നല്‍കാതിരുന്നതോടെയാണ്‌ ഇടതു സഹയാത്രികനായ സലീം സി.പി.എം. നേതാക്കളെ സമീപിച്ചത്‌.

കഴിഞ്ഞ ഫെബ്രുവരി 17-ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരില്‍ക്കണ്ട്‌ പരാതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവനെയും ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. പിന്നീടു പലതവണ ബന്ധപ്പെട്ടപ്പോഴും നേതാക്കള്‍ കൈമലര്‍ത്തുകയായിരുന്നു. സെപ്‌റ്റംബര്‍ ഒമ്പതിന്‌ കോടിയേരിക്കു വീണ്ടും പരാതി നല്‍കി. മറുപടിയില്ലാതായതോടെ നവംബര്‍ 22-ന്‌ മഞ്ചേരി പോലീസില്‍ പരാതി നല്‍കി. കേസെടുക്കാന്‍ പോലീസ്‌ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ തെളിവുസഹിതം മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചത്‌. കോടതി നിര്‍ദേശാനുസരണം മഞ്ചേരി പോലീസ്‌ ഇന്നലെ വഞ്ചനക്കുറ്റത്തിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Top